+

ഷിരൂർ ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് ഒരു വർഷം ; ഗംഗാവാലിപ്പുഴയിലെ ഒഴുകിലും പ്രതികൂല കാലാവസ്ഥയിലും പതറാത്ത രക്ഷാ ദൗത്യം , നാടിൻറെ തീരാ നോവായി അർജുൻ

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. കർണാടകയിലെ ഷിരൂരിൽ കനത്ത മഴയിൽ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് മരിച്ചത്.

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. കർണാടകയിലെ ഷിരൂരിൽ കനത്ത മഴയിൽ കുന്നിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് മരിച്ചത്. 2024 ജൂലൈ 16നായിരുന്നു ഉത്തര കന്നടയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് റോഡിലേയ്ക്കും മറുവശത്തുള്ള നദിയിലേയ്ക്കും കുത്തിയൊലിച്ച് പതിച്ചത്.

ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി രക്ഷാദൗത്യം ഇഴഞ്ഞു. അപ്പോഴും അർജുൻ അടക്കമുള്ളവർക്ക് എന്താണ് സംഭവിച്ചത് എന്നതിൽ അവ്യക്ത തുടർന്നു. ഇതോടെയാണ്  മലയാള മാധ്യമങ്ങളുടെ ഫോക്കസ് ഷിരൂരിലേക്ക് തിരിയുന്നത്. ഷിരൂരിലെ പ്രതികൂല കാലാവസ്ഥ വകവെയ്ക്കാതെ ഷീരൂരിലെ ദുരന്തഭൂമിയിൽ നിന്നും മാധ്യമങ്ങൾ തത്സമയം വിവരങ്ങൾ പുറത്തെത്തിക്കാൻ തുടങ്ങിയതോടെ ഭരണകൂടത്തിന് തുടക്കത്തിലെ ആലസ്യം വിട്ട് ഉണരേണ്ടി വന്നു. 

രക്ഷാദൗത്യം കാര്യക്ഷമമാക്കണമെന്നതിൽ കടുത്ത സമ്മർദ്ദമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സുദീർഘമായ രക്ഷാദൗത്യത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരിൽ അരങ്ങേറിയത്.‌ മൂന്നാം ഘട്ടത്തിൽ ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അർജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടിൽ നിന്നും അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജർ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയായിരുന്നു.


മരിച്ച 11 പേരിൽ 9 പേരുടെയും മൃതദേഹം പലതവണയായി കണ്ടെത്തി. അപകടത്തിൽപ്പെട്ട ജഗന്നാഥ നായിക്കിന്റെയും ലോകേഷ് നായിക്കിന്റെയും മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു വർഷം പിന്നിടുമ്പോഴും ഇവരുടെ മരണ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാൽ കേന്ദ്ര സർക്കാർ‌ പ്രഖ്യാപിച്ച സഹായം ഇവരുടെ കുടുംബങ്ങൾക്ക് ലഭ്യമായിട്ടില്ല. 

ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ നിലവിൽ കോടതിയിൽ കേസ് ഉണ്ട്. ഇക്കാര്യത്തിലും സമവായമായിട്ടില്ല. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യപ്പെട്ടെങ്കിലും മാധ്യമശ്രദ്ധ അകന്നതോടെ എല്ലാം പഴയ പടിയായി. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. പുഴയിലെ ഒഴുക്കിന് തടസ്സം നിൽക്കുന്ന മൺകൂനകളും നീക്കം ചെയ്തിട്ടില്ല.

facebook twitter