+

പാഠ്യപദ്ധതിയിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കണം ; കാലിക്കറ്റ് സ‍ർവകലാശാല വിദഗ്ധ സമിതിയുടെ ശുപാ‍ർശ

കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. വൈസ് ചാൻസലർ നിയോഗിച്ച സമിതിയുടേതാണ് നിർദേശം.

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ നിന്ന് റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. വൈസ് ചാൻസലർ നിയോഗിച്ച സമിതിയുടേതാണ് നിർദേശം.

മലയാളം വിഭാഗം മുൻ മേധാവി ഡോ. എം.എം. ബഷീർ ആണ് പഠനം നടത്തി വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കാലിക്കറ്റ് സർവകലാശാലയുടെ ബി.എ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് ഉൾപ്പെടുത്തിയിരുന്നത്.

ഇതിനെതിരെ സിൻഡിക്കറ്റിലെ ബി.ജെ.പി അംഗം എ.കെ. അനുരാജ് ചാൻസലർ കൂടിയായ ഗവർണർ വിശ്വനാഥ് അർലേക്കറിന് പരാതി നൽകിയിരുന്നു.

മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.

റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം. ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിർദേശിച്ചിരുന്നത്. ബിഎ മലയാളം പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടാവില്ല. അതിനാൽ ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിൻവലിക്കാൻ ശുപാർശ നൽകിയിട്ടുള്ളത്.

facebook twitter