ഷോറൂമുകളിൽ കാറുകളുടെ വിലയോടൊപ്പം പ്രധാനമന്ത്രിയുടെ ഫോട്ടോയും പ്രദർശിപ്പിക്കാൻ നിർദേശം

01:37 PM Sep 10, 2025 | Kavya Ramachandran

ഷോറൂമുകളിൽ കാറുകളുടെ വിലയോടൊപ്പം പ്രധാനമന്ത്രിയുടെ ഫോട്ടോയും പ്രദർശിപ്പിക്കാൻ നിർദേശം ഇതു സംബന്ധിച്ച നിർദേശം സർക്കാർ വാഹനകമ്പനികൾക്ക് നൽകിയിട്ടുണ്ട്.ജിഎസ്ടി ഭേദഗതിക്ക് മുൻപും ശേഷവുമുള്ള വാഹനങ്ങളുടെ വില താരതമ്യം ചെയ്തുള്ള പോസ്റ്റുറകൾ ഷോറൂമിൽ പ്രദർശിപ്പിക്കണം എന്നാണ് നിർദേശം നൽകിയിട്ടുള്ളത്. 

ഇങ്ങനെയുള്ള പോസ്റ്ററുകളിൽ നരേന്ദ്രമോദിയുടെ ചിത്രം വെയ്ക്കണമെന്നും നിർദേശമുണ്ട്. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽ മാനുഫാക്‌ചറേഴ്സ് (സിയാം) വ‍ഴിയാണ് പോസ്റ്ററുകൾ വെയ്ക്കണമെന്ന നിർദേശം നൽകിയിരിക്കുന്നത്.

പോസ്റ്ററുകൾ അടിക്കുന്നതിനുള്ള ചെലവ് കമ്പനിയും ഡീലർമാരും വഹക്കണമെന്നും നിർദേശത്തില്‍ പറയുന്നു . ഡീലർഷിപ്പ് നിൽക്കുന്ന പ്രദേശത്തെ പ്രാദേശികഭാഷയിലാണ് പോസ്റ്റർ തയ്യാർ ചെയ്യേണ്ടത്. എന്നാൽ ഇങ്ങനെ പോസ്റ്ററുകള്‍ തയ്യാറാക്കുന്നതിൽ നിന്ന് ആഡംബരവാഹന കമ്പനികളെ ഒ‍ഴിവാക്കിയിട്ടുമുണ്ട്.

അത് കൂടാതെ ഇങ്ങനെ തയ്യാറാക്കുന്ന പോസ്റ്ററുകൾക്ക് മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. പോസ്റ്ററുകൾ ഈ ആ‍ഴ്ചയുടെ അവസാനത്തോടെ ഷോറൂമുകളിൽ പതിപ്പിക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. എന്നാൽ ഇങ്ങനെയൊരു നിർദേശം നൽകിയതിനെ പറ്റി ഘന വ്യവസായ മന്ത്രാലയമോ വഹാനകമ്പനികളോ പ്രതികരിച്ചിട്ടില്ല.