ബംഗളൂരു : കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം. കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗരയിലെ ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റം അപലപപിക്കപ്പെടേണ്ടതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുത്. എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളുടെ അന്തസ്സിന് പ്രാധാന്യം നൽകണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.എല്ലാ ബാങ്ക് ജീവനക്കാർക്കും ഭാഷയിലും വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരവും എസ്.ബി.ഐ പറഞ്ഞുകൊടുക്കണമെന്നും ഇതിനായി ട്രെയിനിങ് ക്ലാസ് സംഘടിപ്പിക്കണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ജീവനക്കാരിയെ ട്രാൻസ്ഫർ ചെയ്ത എസ്.ബി.ഐയുടെ നടപടിയേയും അദ്ദേഹം അഭിനന്ദിച്ചു.
നേരത്തെ കന്നഡയിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മിൽ രൂക്ഷമായ തർക്കം നടന്നിരുന്നു. ബാങ്കിൽവെച്ച് ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്. ഉപഭോക്താവിനോട് ഹിന്ദിയിൽ സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ഇത് കർണാടകയാണ് കന്നഡയിൽ സംസാരിക്കണമെന്ന് ഉപഭോക്താവ് പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങളല്ല എനിക്ക് ജോലി തന്നതെന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി. ഇത് കർണാടകയാണെന്നായിരുന്നു ഇതിനോടുള്ള ഉപഭോക്താവിന്റെ പ്രതികരണം. ഇത് ഇന്ത്യയാണെന്ന് അതിന് ബാങ്ക് മാനേജർ മറുപടിയും നൽകി.
നിങ്ങൾക്ക് വേണ്ടി കന്നഡയിൽ സംസാരിക്കാൻ താൻ തയാറല്ലെന്നും ബാങ്ക് മാനേജർ വ്യക്തമാക്കി. ഒടുവിൽ ഹിന്ദിയിൽ മാത്രമേ സംസാരിക്കുവെന്ന് ഒരിക്കൽ കൂടി പറഞ്ഞാണ് ബാങ്ക് മാനേജർ സംഭാഷണം അവസാനിപ്പിച്ചത്.