+

കിരൺ മസുംദാർ ഷായുടെ പ്രതികരണത്തിന് മറുപടിയുമായി സിദ്ധരാമയ്യ

കിരൺ മസുംദാർ ഷായുടെ പ്രതികരണത്തിന് മറുപടിയുമായി സിദ്ധരാമയ്യ

ന്യൂഡൽഹി: ബികോൺ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മസുംദാർ ഷായുടെ പ്രതികരണത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാക്സിൻ ഹൃദയാഘാതങ്ങൾക്ക് കാരണമാകുന്നുവെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ കിരൺ മസുംദാർ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉത്തരങ്ങൾ തേടുന്നത് കുറ്റപ്പെടുത്തലായി കണക്കാക്കനാവില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. വാക്സിനുകൾക്ക് അനുമതി നൽകിയത് ധൃതിയിലായിരുന്നുവെന്ന സിദ്ധരാമയ്യയുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്നും അത് സമൂഹത്തിൽ വ്യാജ വിവരം പടരുന്നതിന് ഇടയാക്കുമെന്നുമായിരുന്നു കിരൺ മസുംദാറിന്റെ പ്രതികരണം.

മുഖ്യമന്ത്രിയെന്ന നിലയിൽ ആളുകളുടെ ആശങ്കക്ക് പരിഹാരമുണ്ടാക്കേണ്ടത് തന്റെ കർത്തവ്യമാണ്. അപ്രതീക്ഷിതമായാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടമായത്. ഒരു കാര്യത്തിൽ വ്യക്തത ആവശ്യപ്പെടുന്നത് തെറ്റായ പ്രചാരണമല്ല. വാക്സിനേഷന് ശേഷം ഹൃദയാഘാതം വർധിച്ചുവെന്നതിന് നിരവധി തെളിവുകളുണ്ട്.

ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ സമയത്ത് ധൃതിയിലാണ് വാക്സിന് അംഗീകാരം നൽകിയതെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് ഇത്തരത്തിലുള്ള തിടുക്കം ഒരു പാപമല്ല. ​പക്ഷേ, ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടി മനസിലാക്കുകയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) എയിംസും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വാക്സിനേഷനും പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം ആരോപണങ്ങൾക്ക് ശാസ്ത്രീയ സമവായത്തിന്റെ പിന്തുണയില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

കർണാടകയിലെ ഹാസനിൽ ഒരു മാസത്തിനിടെ 20 പേർ ഹൃദയാഘാതംമൂലം മരിച്ച സംഭവത്തിൽ കോവിഡ് വാക്സിനാണെന്ന സംശയം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉയർത്തിയിരുന്നു. അതിവേഗത്തിൽ കോവിഡ് വാക്സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്നും വാക്സിനുകളുടെ പാർശ്വഫലങ്ങൾ പഠിക്കുന്നതിന് സമിതി രൂപവത്കരിക്കുന്നതായും സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.സി.എം.ആർ-എയിംസ് പഠനം ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്തുവന്നത്.

facebook twitter