നീണ്ടു നിന്ന മൗനം എന്നത് കുറ്റസമ്മതം; പരാതിയുള്ള സ്ത്രീകൾ ആരോപണവിധേയന്റെ പേര് പറയാൻ ഭയപ്പെടേണ്ടതില്ല, സർക്കാർ കൂടെയുണ്ട്- പി.കെ. ശ്രീമതി

03:46 PM Aug 21, 2025 |



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഇരകളായ സ്ത്രീകൾക്ക് പിന്തുണയുമായി ഇടത് നേതാക്കൾ. പരാതിയുള്ള സ്ത്രീകൾ ആരോപണവിധേയന്റെ പേര് പറയാൻ ഭയപ്പെടേണ്ടതില്ലെന്നും സർക്കാർ എപ്പോഴും കൂടെയുണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

രാജിവെച്ചാൽ തീരുന്ന ഒരു കളങ്കമല്ല ഇതെന്നും വിജയിപ്പിച്ച വോട്ടർമാർക്ക് വലിയ അപമാനമാണ് രാഹുൽ മാങ്കൂട്ടത്തിൽ വരുത്തിവെച്ചതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു. ഇരു നേതാക്കളും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിപ്രായം പങ്കുവെച്ചത്.

പി.കെ. ശ്രീമതിയുടെ പോസ്റ്റിന്റെ പൂർണരൂപം;

നീണ്ടു നിന്ന മൗനം എന്നത് കുറ്റസമ്മതമാണ്. പ്രസിഡന്റ് സ്ഥാനം രാജിവെച്ചാൽ മാത്രം തീരുന്ന കളങ്കമല്ല രാഹുൽ മാങ്കൂട്ടത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. സമൂഹത്തിനും സംസ്ഥാനത്തിനും, രാഹുലിന് വോട്ട് ചെയ്ത വോട്ടർമാർക്കും തീർത്താൽ തീരാത്ത അപമാനം ഉണ്ടാക്കിയിരിക്കുന്ന രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ച് ഒഴിയുന്നതാണ് മാന്യത - അതുണ്ടെങ്കിൽ.പരാതികളുടെ കെട്ട് പൊട്ടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ പൊതുസമൂഹത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിവാദ വിഷയമുണ്ട്. പേര് വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകൾ ഒരു യുവജന നേതാവിനെതിരെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു ജനപ്രതിനിധി ആണ് ആരോപണ വിധേയൻ എന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെയുള്ള വ്യക്തിക്കെതിരെയാണ് ഈ ആരോപണം എന്നത് വളരെ ഗൗരവമായ വിഷയമാണ്.

ഈ വനിതകൾക്ക് പേര് വെളിപ്പെടുത്താൻ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കിൽ അവർ ഭയപ്പെടേണ്ടതില്ല. പൂർണ്ണ പിന്തുണയും സംരക്ഷണവും നൽകി സർക്കാർ അവർക്കൊപ്പം ഉണ്ടാകും. നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ചില നിയമപരമായ കാര്യങ്ങൾ കൂടി ഞാൻ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.

ആരോപണം ഉന്നയിക്കുന്നവർക്ക് പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും, പോലീസിൽ പരാതി നൽകാൻ അവർക്ക് കഴിയും. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും. ഇരകളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും. ഒരു വനിത, ആരോപണ വിധേയനായ നേതാവിന്റെ പാർട്ടിയിലെ ഉന്നതരെ പേരുവിവരങ്ങൾ സഹിതം അറിയിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെയാണെങ്കിൽ, ആ നേതാക്കൾക്ക് നിയമപരമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. ക്രിമിനൽ നടപടിച്ചട്ട പ്രകാരം, ഏതെങ്കിലും വ്യക്തി ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞാൽ അത് പോലീസിനെ അറിയിക്കാൻ അവർക്ക് ബാധ്യതയുണ്ട്. ഈ നിയമം ഒരു പൗരന്റെ കടമയായി കണക്കാക്കുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കാതിരിക്കുന്നത് നിയമലംഘനമാണ്. ഈ വിഷയത്തിൽ സർക്കാർ നീതിയുക്തമായ നടപടികൾ സ്വീകരിക്കും.

സ്ത്രീകൾക്ക് പരാതി നൽകാൻ എല്ലാ സഹായവും നൽകും. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ഉറപ്പ് നൽകുന്നു. കൂടുതൽ ഗൗരവകരമായ വെളിപ്പെടുത്തലുകൾ വാർത്താചാനലുകളിൽ വന്നു കഴിഞ്ഞു. ആരോപണ വിധേയൻ ജനപ്രതിനിധിയെങ്കിൽ സംഘടനാ സ്ഥാനങ്ങൾ മാത്രം രാജിവെച്ചുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമാകില്ല. സംഘടനയെക്കാൾ ആ വ്യക്തി മറുപടി പറയേണ്ടത് സമൂഹത്തോടാണ്.

ജനാധിപത്യത്തിൽ വോട്ടർമാരാണ് ശക്തി. ജനപ്രതിനിധി വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ആരോപണങ്ങൾ വന്ന സ്ഥിതിക്ക് ഈ വ്യക്തി ജനപ്രതിനിധി ആണെങ്കിൽ മാപ്പു പറഞ്ഞ് തൽസ്ഥാനം രാജിവെക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം അയാളുടെ പ്രസ്ഥാനം രാജി ചോദിച്ചുവാങ്ങണം. ഇല്ലെങ്കിൽ പൊതുസമൂഹം പ്രത്യേകിച്ച് സ്ത്രീകൾ ആ പ്രസ്ഥാനത്തോട് ഒരിക്കലും മാപ്പു നൽകില്ല. ധൈര്യം കാണിച്ച സഹോദരിമാരെ അഭിനന്ദിക്കുന്നു..