വെനീസ്: ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീനി ബാലിക ഹിന്ദ് റജബിൻറെ കഥ പറയുന്ന ‘ദി വോയ്സ് ഓഫ് ഹിന്ദ് റജബ്’ന് 82-ാമത് വെനീസ് ചലച്ചിത്ര മേളയിൽ സിൽവർ ലയൺ പുരസ്കാരം. തന്റെ സിനിമ ഹിന്ദിനെക്കുറിച്ച് മാത്രല്ല ഒരു ജനതയുടെ മൊത്തം കഥയെക്കുറിച്ചാണെന്ന് സംവിധായിക ബെൻ ഹനിയ പ്രതികരിച്ചു.
സിനിമയിലൂടെ ഹിന്ദിനെ തിരികെ കൊണ്ട് വരാനോ അവൾക്ക് സംഭവിച്ച അതിക്രമം ഇല്ലാതാക്കാനോ കഴിയില്ല. എങ്കിലും അതിർത്തി കടന്ന് സഞ്ചരിക്കാൻ അവളുടെ കഥക്ക് സിനിമയിലൂടെ സാധിച്ചുവെന്നും ബെൻ ഹനിയ പറഞ്ഞു. ഹിന്ദിന്റെ അവസാന നിമിഷങ്ങളെ ആസ്പദമാക്കി നിർമിച്ച ചിത്രം പ്രദർശിപ്പിച്ചപ്പോൾ 23 മിനിറ്റോളം കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു.
2024 ജനുവരി 29ന് കുടുംബത്തോടൊപ്പം പാലായനം ചെയ്യവെയാണ് ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ഇസ്രയേലിന്റെ അക്രമണമുണ്ടായത്. വെടിവെപ്പിൽ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ഹിന്ദ് മാത്രം ജീവനോടെ കാറിൽ അവശേഷിച്ചു. ഹിന്ദ് തന്റെ മാതാവിനെ ഫോണിൽ വിളിച്ച് നടത്തിയ സംസാരം ലോകശ്രദ്ധ നേടിയിരുന്നു. ഹിന്ദിനെ രക്ഷപ്പെടുത്താൻ പുറപ്പെട്ട റെഡ് ക്രസന്റിൻറെ ആംബുലൻസിന് നേരെയും അക്രമണം ഉണ്ടായി. ആംബുലൻസിലുണ്ടായിരുന്ന രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് ശേഷമാണ് ഹിന്ദിൻറെ അടക്കം മൃതദേഹങ്ങൾ കണ്ടെത്താനായത്.
ഹിന്ദിൻറെ ഹൃദയഭേദകമായ ഫോൺ വിളിയും രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ യുദ്ധം എത്രമാത്രം ദുരിതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു. വെടിയൊച്ചകൾക്കിടയിലും ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് മുന്നോട്ട് വന്ന റെഡ് ക്രസന്റ് സൊസൈറ്റിയിലെ സന്നദ്ധപ്രവർത്തകരുടെ ധീരതയും സിനിമ ചർച്ച ചെയ്യുന്നു.