മുംബൈ: ഐസിസി വനിത ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ബാറ്റര്‍ സ്മൃതി മന്ഥാനയുടെ വിവാഹ ആഘോഷങ്ങള്‍ തുടങ്ങുകയായി. ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതി ബോളിവുഡ് സംഗീത സംവിധായകനും ഫിലിംമേക്കറുമായ പലാഷ് മുച്ചലുമായി ഏറെക്കാലമായി പ്രണയത്തിലാണ്. സ്മൃതിയുടെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തില്‍ നവംബര്‍ 20-ന് ആഘോഷങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 മുതല്‍ പ്രണയത്തിലായ ഇവര്‍, 2024-ല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ബന്ധം പരസ്യമാക്കിയിരുന്നു. വിവാഹം സ്മൃതിയുടെ കരിയറിലെ പുതിയ അധ്യായം വരച്ചിടുമ്പോള്‍, ക്രിക്കറ്റ് ബോളിവുഡ് ലോകത്തെ പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.
1996 ജൂലൈ 18-ന് മുംബൈയില്‍ ജനിച്ച സ്മൃതി മന്ഥാന, രണ്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം സാംഗ്ലി നഗരത്തിലേക്ക് താമസമാറ്റി. അവിടെ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അവര്‍, 2009-ല്‍ സംസ്ഥാന അണ്ടര്‍-15 ടീമില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ 29 വയസ്സുള്ള സ്മൃതി, ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ പ്രധാന താരങ്ങളിലൊരാളാണ്. 2025 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ കൂടിയാണ് സ്മൃതി മന്ഥാന.
വിമന്‍സ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമാണ് സ്മൃതി. 2024 ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 3.40 കോടി രൂപയ്ക്ക് സ്വന്തമാക്കി.
ലോകകപ്പ് വിജയത്തിനു പിന്നാലെ, സ്മൃതിയുടെ വിവാഹ വാര്‍ത്തകള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി. സെമിഫൈനല്‍ വിജയത്തിനു ശേഷം പലാഷ് സോഷ്യല്‍ മീഡിയയില്‍ വിവാഹത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു.
1995-ല്‍ ഇന്‍ഡോറില്‍ ജനിച്ച പലാഷ് മുച്ചലിന്റെ കുടുംബം സംഗീതത്തിന്റെ പാരമ്പര്യമുള്ള മാര്‍വാഡി കുടുംബമാണ്. പ്രശസ്ത പ്ലേബാക്ക് സിങ്ങര്‍ പലക് മുച്ചലിന്റെ ഇളയന്‍ സഹോദരനാണ് അദ്ദേഹം. 2014-ല്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച പലാഷ്, ഇതിനകം തന്നെ മികവുകാട്ടിയിട്ടുണ്ട്. ടി-സീരീസ്, സി മ്യൂസിക് കമ്പനി എന്നിവര്‍ക്ക് 40-ലധികം മ്യൂസിക് വീഡിയോകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സ്മൃതിയും പലാഷും ഒരുമിക്കുമ്പോള്‍ ടീം ഇന്ത്യ സഹതാരങ്ങള്‍, ബോളിവുഡിലെ പ്രമുഖര്‍, പ്രശസ്തരായ മറ്റു വ്യക്തികള്‍ എന്നിവര്‍ വിവാഹത്തിന് എത്തുമെന്നാണ് പ്രതീക്ഷ.