ചെന്നൈ: പിതാവിനെ കൊലപ്പെടുത്തിയ പ്രതിയെ 17 വര്‍ഷത്തിനു ശേഷം മകനും കൂട്ടുകാരും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. ചെന്നൈയിലെ ടി പി ചത്രത്തിലാണ് കോളേജ് വിദ്യാര്‍ഥിയായ യുവനേഷും രണ്ടു സുഹൃത്തുക്കളും ചേർന്ന് കോലനടത്തിയത്.
2008ലാണ് യുവനേഷിന്റെ പിതാവ് സെന്തില്‍ കുമാറിനെ അഞ്ചിക്കരയില്‍ വെച്ച് രാജുകുമാറും അഞ്ചുപേരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. യുവാവിന്റെ പിതാവും രാജ്കുമാറും തമ്മില്‍ മയക്കുമരുന്ന് ഇടപാടുമായി ഉണ്ടായ തര്‍ക്കമാണ് അന്ന് കൊലപാതകത്തില്‍ കലാശിച്ചത്. അന്ന് രണ്ടു വയസായിരുന്നു യുവനേഷിന്റെ പ്രായം. കൊലപാതകം നടത്തിയ അഞ്ചുപേരില്‍ മൂന്നുപേര്‍ മരിച്ചു.
പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാട്ടുകാരില്‍ നിന്നും അറിഞ്ഞതോടെയാണ് യുവാവ് കൃത്യം നടത്താന്‍ ഇറങ്ങി തിരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം രാജ്കുമാറിനെ അന്വേഷിച്ച് വീട്ടിലെത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം യുവാവും മറ്റൊരു സുഹൃത്തും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവില്‍പോയ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.