തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

11:10 AM Oct 30, 2025 | Kavya Ramachandran

തിരുവനന്തപുരം: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകന്‍ . കല്ലിയൂരിലാണ് സംഭവം. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനായ മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി.

ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഇതോടെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം.