ന്യൂഡൽഹി: കേണൽ സോഫിയ ഖുറൈശിയെ 'തീവ്രവാദികളുടെ സഹോദരി' എന്ന് അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ഷാഫി പറമ്പിൽ എം.പി. 'തീവ്രവാദികളുടെ സഹോദരി' എന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹരല്ലെന്ന് ഷാഫി വ്യക്തമാക്കി. ബി.ജെ.പി അവരുടെ തനിനിറം കാണിക്കുകയാണ് ചെയ്തതെന്നും ഷാഫി പറഞ്ഞു.
രാജ്യം നേരിട്ട വെല്ലുവിളിയിൽ നാം എടുത്ത ഓരോ നടപടിയും അഭിമാനത്തോടെ അവതരിപ്പിച്ചവരുടെ മതം ചികഞ്ഞ് വിമർശിക്കുകയാണ്. തീവ്രവാദത്തെ പരാജയപ്പെടുത്താൻ ഒരുമിച്ചാണ് നാം ശ്രമിച്ചത്. ആക്രമണത്തിലൂടെ രാജ്യത്തിൻറെ ഐക്യം കൂടി കവരാനാണ് ഭീകരർ ശ്രമിച്ചത്.
ജാതിയും മതവും വേർതിരിച്ച് കാണരുതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി സേനയുടെ ഭാഗമായി സേവനം ചെയ്യുന്ന ഒരാളെ തീവ്രവാദികളുടെ സഹോദരി എന്ന് വിളിക്കുന്നത്. വിവാദ പരാമർശം നടത്തിയ മന്ത്രിയെ പുറത്താക്കാൻ ബി.ജെ.പി തയാറാകണം. ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ സാധിക്കില്ല.
സർക്കാർ തീരുമാനങ്ങൾ പറയാൻ ചുമതലപ്പെടുത്തിയ പ്രകാരം വാർത്താസമ്മേളനം നടത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും കുടുംബത്തിനും നേരെയാണ് സൈബറാക്രമണം നടത്തിയത്. ജമ്മു കശ്മീർ വിഷയത്തിൽ യു.എൻ പോലും ഇടപെടൽ നടത്തിയിട്ടില്ല. മാറി വരുന്ന സർക്കാരുകളും നടത്തിയിട്ടില്ല. ട്രംപിൻറെ പ്രസ്താവനയുടെ യാഥാർഥ്യത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
കേണൽ സോഫിയ ഖുറൈശിയെ 'ഭീകരവാദികളുടെ സഹോദരി' എന്നാണ് മധ്യപ്രദേശ് ബി.ജെ.പി നേതാവും സംസ്ഥാന മന്ത്രിയുമായ വിജയ് ഷാ അധിക്ഷേപിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം.
‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു’ - എന്നായിരുന്നു വിജയ് ഷായുടെ പരാമർശം.
അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെ ബി.ജെ.പിക്കെതിരെ വ്യാപക വിമർശനമാണ് രാജ്യത്ത് ഉയർന്നത്. സായുധ സേനയെ അപമാനിക്കുകയാണ് ബി.ജെ.പി മന്ത്രി ചെയ്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.