കൊൽക്കത്ത: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി പറഞ്ഞു. ‘പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിർബന്ധമാണ്. കർശന നടപടി തന്നെ ആവശ്യമാണ്. എല്ലാ വർഷവും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം വെച്ചുപൊറുപ്പിക്കാൻ കഴിയില്ല’ ഗാംഗുലി പറഞ്ഞു.
വർഷങ്ങളായി ഇന്ത്യ – പാകിസ്ഥാൻ പരമ്പരകൾ നടക്കാറില്ല. ഐസിസി ടൂർണമെന്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കീഴിൽ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ, 2008-ൽ ഏഷ്യാ കപ്പിൽ പങ്കെടുത്തതിന് ശേഷം ഇന്ത്യ, പാകിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്ഥാനിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായും ഇന്ത്യ, പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ വെച്ച് നടത്തുകയായിരുന്നു. 2024-2027 കാലത്തിൽ ഇന്ത്യയിലോ പാകിസ്ഥാനിലോ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകൾക്കും ഹൈബ്രിഡ് മോഡൽ ഏർപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) തീരുമാനിച്ചിരുന്നു.