+

സൗത്ത് ഇന്ത്യൻ ബാങ്കിന് 1303 കോടി രൂപയുടെ റെക്കോഡ് അറ്റാദായം; 40 ശതമാനം ഡിവിഡന്റിന് ശുപാർശ

2024-25 സാമ്പത്തിക വർഷത്തിൽ 1303 കോടി രൂപയുടെ റെക്കോഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻ വർഷത്തെ അപേക്ഷിച്ച്‌ 21.75 ശതമാനമാണ് വർധനവ്.
 
കൊച്ചി: 2024-25 സാമ്പത്തിക വർഷത്തിൽ 1303 കോടി രൂപയുടെ റെക്കോഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻ വർഷത്തെ അപേക്ഷിച്ച്‌ 21.75 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 1070.08 കോടി രൂപയായിരുന്നു. ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 1,95,104.12 കോടി രൂപയായി. ഓഹരി ഉടമകളുടെ അംഗീകാരത്തിനനുസൃതമായി 40 ശതമാനം ഡിവിഡന്റിന് ശുപാർശ ചെയ്തു. സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 342.19 കോടി രൂപയാണ് അറ്റാദായം. 18.99 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 287.56 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 1,867.67 കോടി രൂപയിൽ നിന്ന് 2,270.08 കോടി രൂപയായും വർധിച്ചു. 21.55 ശതമാനമാണ് വാർഷിക വളർച്ച.
 
മൊത്ത നിഷ്‌ക്രിയ ആസ്തികൾ മുൻ വർഷത്തെ 4.50 ശതമാനത്തിൽ നിന്നും 130 പോയിന്റുകൾ കുറച്ച് 3.20 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 54 പോയിന്റുകൾ കുറച്ച് 1.46 ശതമാനത്തിൽ നിന്നും 0.92 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. അറ്റ പലിശ വരുമാനം 4.61 ശതമാനം വാർഷിക വളർച്ചയോടെ 3,485.64 കോടി രൂപയിലെത്തി. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 593 പോയിന്റുകൾ വർധിച്ച് 85.03 ശതമാനമായി. ആസ്തി വരുമാന അനുപാതത്തിൽ 1.05 ശതമാനത്തിന്റെയും ഓഹരി വരുമാന അനുപാതത്തിൽ 12.90 ശതമാനത്തിന്റെയും വർധനവ് രേഖപ്പെടുത്തി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകൾ വർധിച്ച് 71.77 ശതമാനമായി.
 
റീട്ടെയ്ൽ നിക്ഷേപങ്ങൾ 7.17 ശതമാനം വളർച്ചയോടെ 1,04,749.60 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 6.42 ശതമാനം വർധിച്ച് 31,603 കോടി രൂപയിലെത്തി. മുൻ വർഷം ഈ കാലയളവിൽ 29,697 കോടി രൂപയായിരുന്നു. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 4.06 ശതമാനത്തോടെ 27,699.31 കോടി രൂപയിലെത്തി.
 
മൊത്ത വായ്പാ വിതരണം 8.89 ശതമാനം വളർച്ച കൈവരിച്ച്‌ 80,426 കോടി രൂപയിൽ നിന്നും 87,578.52 കോടി രൂപയായി. കോർപറേറ്റ് വായ്പകൾ 12.82 ശതമാനം വാർഷിക വർധനയോടെ 32,084 കോടി രൂപയിൽ നിന്നും 36,198 കോടി രൂപയിലെത്തി. വൻകിട കോർപ്പറേറ്റ് വിഭാഗത്തിൽ 99.70 ശതമാനവും ഉയർന്ന റേറ്റിങ് (എ അല്ലെങ്കിൽ അതിനു മുകളിൽ) ഉള്ള അക്കൗണ്ടുകളാണ്. സ്വർണ വായ്പകൾ 15,513 കോടി രൂപയിൽ നിന്ന് 16,982 കോടി രൂപയായി. 9.47 ശതമാനമാണ് വാർഷിക വളർച്ച. ഭവനവായ്പ 54.97 ശതമാനം വാർഷിക വളർച്ചയോടെ 7,877 കോടി രൂപയിലെത്തി. വാഹന വായ്പ 24.32 ശതമാനം വാർഷിക വളർച്ചയോടെ 1,987 കോടി രൂപയിലെത്തി.
 
"തുടർച്ചയായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, ഭദ്രമായ വായ്പാ പോർട്ട്ഫോളിയോ, ശക്തമായ റീട്ടെയിൽ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് വളർച്ചയുടെ അടിസ്ഥാനം. നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ബാങ്കിന്റെ ഘടനാപരമായ പ്രവർത്തനങ്ങളെയും ശക്തമാക്കി ബിസിനസ് ലക്ഷ്യങ്ങൾ നേടിയെടുക്കും. കോർപറേറ്റ് വായ്‌പ, ഭവന വായ്‌പ, വാഹന വായ്പ, സ്വർണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകൾ വിതരണം ചെയ്യാനും കഴിഞ്ഞു"- സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു.
 
ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.
 
facebook twitter