മുംബൈ: ഹിന്ദിയിൽ സംസാരിച്ചതിൻറെ പേരിൽ സ്ത്രീയെ ഭീഷണിപ്പെടുത്തി ആൾക്കൂട്ടം. മുംബൈയിലെ ഘാട്‌കോപ്പറിലാണ് സംഭവം. വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. സഞ്ചിറ ദേവി എന്ന സ്ത്രീയെയാണ് പുരുഷസംഘം വഴിയിൽ തടഞ്ഞ് നിർത്തിയത്. മറാത്തിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ സ്ത്രീയെ വീടിന് പുറത്ത് വളഞ്ഞിട്ട് ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.
ഇവരോട് വഴിയിൽ നിന്ന് മാറാൻ സഞ്ചിറ പല തവണ ആവശ്യപ്പെട്ടെങ്കിലും മറാത്തിയിൽ സംസാരിക്കാൻ പുരുഷന്മാർ നിർബന്ധിക്കുകയായിരുന്നു. മറാത്തി സംസാരിക്കാൻ സഞ്ചിറ വിസമ്മതിച്ചതോടെ വാക്കേറ്റമായി. 'മറാത്തിയിൽ സംസാരിക്ക്, ഇത് മഹാരാഷ്ട്രയാണ്' എന്ന് ആൾക്കൂട്ടത്തിൽ നിന്ന് പറയുന്നത് വിഡിയോയിൽ കാണാം. 'പറ്റില്ല, ഹിന്ദിയിൽ സംസാരിക്ക്, നിങ്ങൾ ഇന്ത്യക്കാരല്ലേ? നിങ്ങൾ ഹിന്ദുസ്ഥാനിൽ നിന്ന് ഉള്ളവരല്ലേ' എന്ന് സഞ്ചിറ മറുപടി പറയുന്നുണ്ട്. വാക്ക് തർക്കത്തെ തുടർന്ന് രംഗം വഷളായി.
സംഭവം ആരോ പൊലീസിനെ വിളിച്ചറിയിച്ചു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. പൊതു ഇടങ്ങളിലെ ഭാഷാ ഉപയോഗവുമായി ബന്ധപ്പെട്ട് നഗരത്തിൽ സമാനമായ നിരവധി ഏറ്റുമുട്ടലുകൾക്ക് ഈ സംഭവം ആക്കം കൂട്ടി. നേരത്തെ മറാത്തി സംസാരിക്കാത്തതിന് മുംബൈയിലെ ഒരു കടയുടമയും ആക്രമണത്തിനിരയായിരുന്നു. കടയുടമയെ മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) പ്രവർത്തകർ മർദിക്കുകയായിരുന്നു.
മുംബൈ മിരാറോഡിൽ ‘ജോധ്പുർ സ്വീറ്റ് ഷോപ്’ എന്ന കട നടത്തുന്ന 48കാരനായ ബാബുലാൽ ചൗധരിയെ ഞായറാഴ്ചയാണ് രാജ് താക്കറെയുടെ എം.എൻ.എസ് പ്രവർത്തകരായ ഏഴംഗ സംഘം മർദിച്ചത്. മറാത്തി സംസാരിക്കാൻ തയാറല്ലെങ്കിൽ കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് എം.എൻ.എസ് പ്രവർത്തകർ ബാബുലാൽ ചൗധരിയെ ഭീഷണിപ്പെടുത്തി.
എന്നാൽ സംസ്ഥാനത്ത് മറ്റു പല ഭാഷകളും സംസാരിക്കുന്നവരുണ്ടെന്ന് പറഞ്ഞതോടെ മർദനത്തിലേക്ക് തിരിയുകയായിരുന്നു. കടയുടമ മറാത്തി ഭാഷയെ അവഹേളിച്ചതിനാണ് മർദിച്ചതെന്ന് എം.എൻ.എസ് പ്രവർത്തകർ ന്യായീകരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിൻവലിച്ചതിന് പിന്നാലെയായിരുന്നു കടയുടമയെ ആക്രമിച്ചത്. സർക്കാർ നീക്കം ഹിന്ദി അടിച്ചേൽപ്പിക്കാനാണെന്ന വിമർശനം ശക്തമായതിന് പിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചത്. എം.എൻ.എസിന് പുറമെ ഉദ്ധവ് വിഭാഗം ശിവസേനയും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു.