സുരക്ഷയുടെ ഭാഗമായി ചാര സോഫ്റ്റ്‌വെയർ കൈവശം വെക്കുന്നതിൽ തെറ്റില്ല : സുപ്രീം കോടതി

07:41 PM Apr 29, 2025 | Neha Nair

ന്യൂഡൽഹി: സുരക്ഷയുടെ ഭാഗമായി ചാര സോഫ്റ്റ്‌വെയർ കൈവശം വെക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. എന്നാൽ, ഇത് ആർക്കെതിരെ ഉപയോഗിക്കുന്നു എന്നതാണ് യഥാർത്ഥത്തിലുള്ള ആശങ്കയെന്ന് കോടതി നിരീക്ഷിച്ചു. ഇസ്രയേലി നിർമ്മിത പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ കേസിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന പരാമർശം.

2021-ൽ മാധ്യമപ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഈ കേസിലെ വാദത്തിനിടെയാണ് കോടതി പെഗാസസ് സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.