+

ജീവിത ശൈലിയില്‍ ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രഷറും ഷുഗറും പിടിച്ചുകെട്ടാം, പഠന റിപ്പോര്‍ട്ടുമായി ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്

സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ വിഷയത്തില്‍ പഠന റിപ്പോര്‍ട്ടുമായി ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്.

സസ്. ആനല്‍സ് ഓഫ് ഫാമിലി മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനാവുമെന്ന് കണ്ടെത്തി.

ശരീരഭാരം, അരവണ്ണം, ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) എന്നിവയെ കുറച്ചുകൊണ്ടുവരാനായിരുന്നു 750 കുടുംബങ്ങളില്‍ പഠനം നടത്തിയത്. ശരാശരി 42 വയസ്സുള്ള 1,671 പേരാണ് രണ്ടുവര്‍ഷത്തെ പഠനത്തില്‍ ഉള്‍പ്പെട്ടത്. 55 വയസ്സിന് മുന്‍പ് ഹൃദ്രോഗം വന്നവരുടെ കുടുംബത്തിലെ അംഗങ്ങളെയാണിതില്‍ ഉള്‍പ്പെടുത്തിയത്. അംഗങ്ങളെ രണ്ടുവിഭാഗങ്ങളാക്കിയായിരുന്നു പഠനം. ശൈലീമാറ്റം പിന്തുടര്‍ന്നവരില്‍ അരവണ്ണം ശരാശരി 4.17 സെന്റിമീറ്റര്‍, ബിഎംഐ 1.06 കിലോ/മീറ്റര്‍ സ്‌ക്വയര്‍, ഭാരം 2.61 കിലോ എന്നിങ്ങനെ കുറഞ്ഞതായി കണ്ടെത്തി.

ഓരോ വീട്ടിലും ആരോഗ്യ ഡയറി നല്‍കിയിരുന്നു. അതില്‍ ഓരോരുത്തരും കൈവരിക്കേണ്ട ആരോഗ്യലക്ഷ്യങ്ങള്‍ രേഖപ്പെടുത്തി. ഒപ്പം ആരോഗ്യകരമായ പാചകത്തിനുള്ള കുറിപ്പുകളും നല്‍കി. പരിശീലനം ലഭിച്ച ആശവര്‍ക്കര്‍മാര്‍ ഈ വീടുകളിലെത്തി മാസത്തില്‍ ഒരുതവണ പുരോഗതി വിലയിരുത്തി. ലക്ഷ്യം നേടാന്‍ വീട്ടുകാര്‍ക്ക് പ്രോത്സാഹനം നല്‍കി. രക്തസമ്മര്‍ദം, ഗ്ലൂക്കോസ് നില എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു.

കൊഴുപ്പുകുറഞ്ഞ പരമ്പരാഗത ഭക്ഷണം കൂടുതല്‍ ആരോഗ്യകരമായി പാചകം ചെയ്ത് ചിട്ടയായി കഴിക്കാന്‍ അതിലൂടെ അവസരമൊരുക്കി. കുടുംബത്തിന് നല്‍കിയ ലക്ഷ്യങ്ങളില്‍, പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നിത്യേന 500 ഗ്രാം കൂടുതല്‍ കഴിക്കുക, ഉപ്പിന്റെ അളവ് കാല്‍ ടീസ്പൂണായി കുറക്കുക, പഞ്ചസാര ഉപയോഗം രണ്ട് ടേബിള്‍ സ്പൂണില്‍ നിര്‍ത്തുക, നിത്യവും 30 മുതല്‍ 60 മിനിറ്റ് വരെ നടക്കുക, മദ്യം, പുകയില ഉപയോഗം ഒഴിവാക്കുക എന്നിവ ഉള്‍പ്പെട്ടിരുന്നു.

ശൈലീമാറ്റം വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ പലപ്പോഴും ഉദ്ദേശിക്കുന്ന ഫലം കിട്ടാറില്ലെന്നും കുടുംബം ഒന്നടങ്കം ഇതിന് തയ്യാറാകണമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

സമാനമായ ഇടപെടല്‍ പൊതുസമൂഹത്തില്‍ നടപ്പാക്കാനായാല്‍ ജീവിതശൈലീരോഗങ്ങളെ തടയാനാകും. ടൈപ്പ് രണ്ട് പ്രമേഹം 20 ശതമാനം കുറയ്ക്കാനുമാകും. 10 വര്‍ഷം കൊണ്ട് മുതിര്‍ന്നവരില്‍ 25-30 ശതമാനംവരെ പ്രമേഹം ഉണ്ടാകാമെന്നതാണ് സ്ഥിതിയെന്ന് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയരില്‍ ഉള്‍പ്പെട്ട ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപ്പിഡമിയോളജിസ്റ്റ് ഡോ. ജീമോന്‍ പന്ന്യമാക്കല്‍ പറയുന്നു.

facebook twitter