എസ്.എസ്.എൽ.സി ;99.87 ശതമാനം വിജയം , വീണ്ടും വിജയ തിലകമണിഞ്ഞ് കണ്ണൂർ

12:16 PM May 10, 2025 |


കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ 99.87 ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്ത് വീണ്ടും ഒന്നാമതെത്തി കണ്ണൂര്‍. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഒന്നാമതെത്തിയിരുന്ന ജില്ല കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് രണ്ടാമതായിരുന്നു. ഈ ക്ഷീണം മാറ്റിയാണ് വീണ്ടുംഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുന്നത്. ഈവര്‍ഷം 35,377 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷയെഴുതിയത്. 

18045 ആണ്‍കുട്ടികളും 17332 പെണ്‍കുട്ടികളുമാണുള്ളത്. ഇതില്‍ 18,015 ആണ്‍കുട്ടികളും 17,316 പെണ്‍കുട്ടികളുമുള്‍പ്പെടെ 35,331 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 5997 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. 2005 ആണ്‍കുട്ടികളും 3992 പെണ്‍കുട്ടികളുമാണ് എപ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എപ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിരുന്നു . കഴിഞ്ഞ വര്‍ഷം 6794 വിദ്യാര്‍ഥികള്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചത്. 

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ (1181), തലശേരി വിദ്യാഭ്യാസ ജില്ലയില്‍  (2361), തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ (2455) എന്നിങ്ങനെയാണ് എപ്ലസുകള്‍. 175 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 7946 (99.91 ശതമാനം) പേരും തലശേരിയില്‍ 14,409 (99.85) പേരും തളിപ്പറമ്പില്‍ 12,976 (99.86) പേരും ഉപരിപഠനത്തിന് യോഗ്യത നേടി.

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍  മലയാളം പാര്‍ട്ട് ഒന്നിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ എപ്ലസ് നേടിയത്. 5498 വിദ്യാര്‍ഥികള്‍ എപ്ലസ് നേടി. ഫിസിക്സിലാണ് ഏറ്റവും കുറവ്  എപ്ലസ് (2055). തലശേരി വിദ്യാഭ്യാസ ജില്ലയില്‍ 10521 പേര്‍ മലയാളം പാര്‍ട് ഒന്നില്‍ ഫുള്‍ എപ്ലസ് നേടി. കണക്കിലാണ് ഏറ്റവും കുറവ് എപ്ലസ് ലഭിച്ചത് (4036). തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയില്‍ മലയാളം പാര്‍ട് ടുവിനാണ് ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ചത് (9838). എറ്റവും കുറവ് എ പ്ലസ് ലഭിച്ചത് കണക്കിലാണ്(3666). 

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍  കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 300 പേര്‍ പരീക്ഷയെഴുതിയതില്‍ 288 പേരും തലശേരി വിദ്യാഭ്യാസ ജില്ലയില്‍ 560 പേര്‍ പരീക്ഷയെഴുതിയതില്‍ 557 പേരും തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയില്‍ 743 പേര്‍ പരീക്ഷയെഴുതിയതില്‍ 741 കുട്ടികളും വിജയിച്ചു. കണ്ണൂർജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച സ്മൈൽ പദ്ധതി ഏറെ ഗുണം ചെയ്തു വെന്നാണ് വിലയിരുത്തൽ.