കുറഞ്ഞ നിരക്കിലുള്ള അൺലിമിറ്റഡ് ഡേറ്റ പ്ലാനുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി സ്റ്റാർലിങ്ക്

02:35 PM May 25, 2025 | Neha Nair

പ്രതിമാസം കുറഞ്ഞ നിരക്കിലുള്ള അൺലിമിറ്റഡ് ഡേറ്റ പ്ലാനുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ. ഇതിലൂടെ പത്ത് ഡോളറിന് താഴെ, ഏകദേശം 840 രൂപയ്ക്ക് കീഴിൽ അതിവേഗതയിലുള്ള അൺലിമിറ്റഡ് ഡേറ്റ പ്ലാനുകൾ ഇന്ത്യയിൽ ലഭ്യമാകുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ത്യയിൽ ഈ സേവനം തുടങ്ങുന്നതിനായി വലിയ ഫീസ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കാൻ നീക്കമുണ്ടെങ്കിലും വിപണിയുടെ വലിപ്പം മുന്നിൽ കണ്ട് കമ്പനികൾ പിന്മാറില്ലെന്നാണ് സൂചന.

മൊത്തവരുമാനത്തിൽ നിന്ന് നാല് ശതമാനം ലെവിയും, ഒരു മെഗാഹെട്സ് സ്പെക്ട്രത്തിന് കുറഞ്ഞത് 3,500 രൂപ വാർഷിക ഫീസും ട്രായ് കമ്പനികൾക്ക് വെച്ച മാനദണ്ഡങ്ങളിലുണ്ട്. കൂടാതെ വാണിജ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് ഉപഗ്രഹ ആശയവിനിമയ ദാതാക്കൾ 8 ശതമാനം ലൈസൻസ് ഫീസും ട്രായിക്ക്‌ നൽകേണ്ടതുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ഈ നിർദ്ദേശങ്ങൾ സർക്കാരിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

അതേസമയം വിലക്കുറവ് ഉണ്ടെങ്കിലും പരിമിതമായ ഉപഗ്രഹ ശേഷി സ്റ്റാർലിങ്കിന്റെ വേഗത്തിലുള്ള വളർച്ച തടയുമെന്ന് വിദഗ്ധർ പറയുന്നു. ഐഐഎഫ്എൽ റിസർച്ചിന്റെ കണക്കനുസരിച്ച് സ്റ്റാർലിങ്കിന്റെ നിലവിലെ 7,000 ഉപഗ്രഹങ്ങൾക്ക് ആഗോളതലത്തിൽ ഏകദേശം 4 ദശലക്ഷം ഉപയോക്താക്കൾക്ക് സേവനം നൽകാനുള്ള ശേഷിയാണ് ഉള്ളത്. 8,000 ഉപഗ്രഹങ്ങളിലേക്ക് ഇവ വികസിപ്പിച്ചാലും, 2030 സാമ്പത്തിക വർഷത്തോടെ ഏകദേശം 1.5 ദശലക്ഷം ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാത്രമേ സേവനം നൽകാൻ കഴിയൂ എന്നും റിപ്പോർട്ട് പറയുന്നു.