മലയാളികളുടെ പ്രിയതാരമായ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ലണ്ടനിൽ വച്ച് മമ്മൂട്ടിയെ കണ്ടപ്പോഴെടുത്ത ഫോട്ടോയാണ് മനോജ് ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നുവെന്നും ദൈവത്തിനു നന്ദിയെന്നും മനോജ് ഫോട്ടോകൾക്കൊപ്പം കുറിച്ചു.
"ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം..,പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ..ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി., ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി", എന്നായിരുന്നു മനോജ് കെ ജയന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. "ഈ ബിലാലിനെ നമ്മുക്ക് വേണം. എന്നും നിത്യഹരിത ബിലാൽ ആയി. ഒരുപാട് സന്തോഷം", എന്നൊക്കെയാണ് കമന്റുകൾ.
'പേട്രിയറ്റ്' എന്ന സിനിമയുടെ ഭാഗമായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.