
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.
ജൂലൈ 23-ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേർക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓൺലൈൻ വഴി ചെയ്യേണ്ട പേര് ചേർക്കൽ, തിരുത്തൽ, ഒരു വാർഡിൽ നിന്നും മറ്റൊരു വാർഡിലേക്ക് പേര് മാറ്റുന്നത് അടക്കമുള്ള പ്രക്രിയകൾക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാർ മൂലം തടസം നേരിട്ടിരുന്നു. പേര് ചേർക്കാനുള്ള അവസാന തീയതി അടുക്കുമ്പോൾ സാങ്കേതിക തകരാർ രൂക്ഷമായിരിക്കുകയാണ്. പല സ്ഥലങ്ങളിലും വെബ്സൈറ്റ് ഹാങ്ങ് ആകുന്നെന്ന പരാതിയുമുണ്ട്.
ഇത് കാരണം നിരവധി പേർക്ക് വോട്ട് ചേർക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത നിരവധി പേരുടെ വോട്ട്, നിലവിലെ ലിസ്റ്റിൽ വിട്ട് പോയ സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി 15 ദിവസം കൂടി നീട്ടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.