തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുൻ കുന്നംകുളം നഗരസഭകൗൺസിലർ ഇന്ദിരയുടെ ഭർത്താവ് കാണിപ്പയ്യൂർ സ്വദേശി ലത ഭവനിൽ ശശികുമാറിനെയാണ് (65) കഴിഞ്ഞ ദിവസം രാവിലെ തെരുവ് നായ ആക്രമിച്ചത്. തുടർന്ന് ചത്ത നിലയിൽ കണ്ടെത്തിയ തെരുവ് നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
വീടിനു മുൻപിൽ നിൽക്കുകയായിരുന്ന ശശികുമാറിനെ തെരുവനായ പാഞ്ഞെത്തി കൈയിൽ കടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ശശികുമാർ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
നഗരസഭയിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ നാളെ ആരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അറിയിച്ചു. രാവിലെ എട്ട് മണിക്ക് പതിനാറാം വാർഡായ കാണിപ്പയ്യൂരിലാണ് ഗവ. വെറ്ററിനറി വിഭാഗത്തിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ ആരംഭിക്കുക.
തുടർന്ന് നഗരസഭയിലെ വിവിധ ഭാഗങ്ങളിലും വാക്സിനേഷൻ ക്യാമ്പ് നടത്തുമെന്ന് ചെയർപേഴ്സൺ സീത രവീന്ദ്രൻ അറിയിച്ചു. തെരുവുനായ ശല്യം, പേ വിഷബാധ എന്നിവയ്ക്കെതിരെ മുൻകരുതലെന്നോണം നഗരസഭയിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം ചേർന്നു. സ്കൂളുകൾ, കവലകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനും യോഗത്തിൽ തീരുമാനമുണ്ടായി.