
തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ തെരുവുനായ കൂട്ടം ആടുകളെ കടിച്ചുകീറി. നായകളുടെ അക്രമണത്തിൽ രണ്ട് ആടുകൾക്ക് പരിക്കേറ്റു. നെടുമ്പ്രം പതിനൊന്നാം വാർഡിൽ പൊടിയാടി ഞാറക്കാട്ട്ശ്ശേരിൽ വീട്ടിൽ കുഞ്ഞുമോൾ - തങ്കച്ചൻ ദമ്പതികൾ വളർത്തുന്ന നാലുമാസം പ്രായമുള്ള മുട്ടനാടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ആടിൻറെ വൃഷണം നായക്കൂട്ടം കടിച്ചെടുത്തു. മറ്റൊന്നിന്റെ ഇടതുകാലിന്റെ തുട ഭാഗം കടിച്ചുപറിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം.
വീടിന് സമീപത്തെ പുരയിടത്തിൽ പുല്ലു മേയാനായി തള്ളയാടിനൊപ്പം കെട്ടിയിരുന്ന ആടുകളാണ് തെരുവുനായ കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് കുഞ്ഞുമോൾ വടിയുമായി എത്തുന്നത് കണ്ട് നായക്കൂട്ടം ആടുകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് മൃഗ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുറിവ് വന്ന ഭാഗങ്ങൾ മരുന്ന് വെച്ച് കെട്ടി. രണ്ട് ആടുകളെയും ഇന്ന് മൃഗാശുപത്രിയിൽ എത്തിച്ച് കൂടുതൽ ചികിത്സ നൽകും.
വൃഷണം കടിച്ച് പറിക്കപ്പെട്ട ആടിൻറെ വൃഷണത്തിൻ്റെ ബാക്കി ഭാഗം ഇന്ന് മൃഗാശുപത്രിയിൽ എത്തിച്ച് പൂർണമായും നീക്കം ചെയ്യണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതായി കുഞ്ഞുമോൾ പറഞ്ഞു. വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിൽ കെട്ടിയിരുന്ന അമ്മിണിയുടെ പൂർണ്ണ ഗർഭിണിയായിരുന്ന ആടിനെ ഒരു മാസം മുമ്പ് തെരുവിനായ്ക്കൂട്ടം കടിച്ചുകീറി കൊന്നിരുന്നു. തന്റെയും ഭർത്താവിന്റെയും ഉപജീവനമാർഗ്ഗം ആയി വളർത്തുന്ന ആടുകൾക്ക് നേരെ തെരുവ് നായകളുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആടുവളർത്തൽ തന്നെ പൂർണമായും ഉപേക്ഷിക്കാൻ ആണ് ഈ ദമ്പതികളുടെ തീരുമാനം.