അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രമാണ് സു ഫ്രം സോ. നവാഗതനായ ജെ പി തുമിനാട് രചനയും സംവിധാനവും നിർവ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച കോമഡി ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രമാണിത്. ജൂലൈ 25 ന് ആയിരുന്നു ചിത്രം എത്തിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ കർണാടകത്തിലെ തിയറ്ററുകൾ ജനസമുദ്രങ്ങളാക്കിയ ഈ ചിത്രത്തിൻറെ മലയാളം പതിപ്പ് കേരളത്തിലും വൻ വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റൈറ്റ്സ് വിൽപ്പനയിലൂടെയും നിർമ്മാതാവിന് നേട്ടമുണ്ടാക്കിയിരിക്കുകയാണ് ചിത്രം.
സിനിമയുടെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ ആണ് സ്വന്തമാക്കിയതെന്നായിരുന്നു നേരത്തെ എത്തിയിരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിൻറെ ഒടിടി റൈറ്റ്സ് മറ്റൊരു പ്രമുഖ പ്ലാറ്റ്ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിന് ആണെന്നുമാണ് പുതിയ റിപ്പോർട്ട് സുചിപ്പിക്കുന്നത്. 5.5 കോടിക്കാണ് (ജിഎസ്ടി കൂടാതെ) ചിത്രം ജിയോ ഹോട്ട്സ്റ്റാർ വാങ്ങിയിരിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ വിവരം. ചിത്രത്തിൻറെ പ്രൊഡക്ഷൻ ബജറ്റിനേക്കാൾ അധികമാണ് ഈ തുക. ചിത്രത്തിൻറെ നിർമ്മാണത്തിന് 4.5 കോടിയാണ് ചെലവായതെന്നും പ്രൊമോഷനുവേണ്ടി മറ്റൊരു 1- 1.5 കോടി മുടക്കിയെന്നും നിർമ്മാതാക്കളിൽ ഒരാളും നടനും സംവിധായകനുമായ രാജ് ബി ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. നിർമ്മാണത്തിനൊപ്പം രാജ് ബി ഷെട്ടി ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയിരുന്നു. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 107.02 കോടിയാണ്. ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് കളക്ഷൻ 79.65 കോടിയും ഗ്രോസ് കളക്ഷൻ 92.87 കോടിയുമാണ്. സുലോചന ഫ്രം സോമേശ്വര എന്നതിൻറെ ചുരുക്കെഴുത്താണ് സു ഫ്രം സോ. പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.