തീയേറ്റർ പൂരപ്പറമ്പാക്കിയ സീനുകളുമായി 'തുടരും' സക്‌സസ് ട്രെയ്‌ലർ

05:50 PM May 03, 2025 | Kavya Ramachandran

തീയേറ്ററുകളില്‍ നിറഞ്ഞസദസ്സില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' സക്‌സസ് ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ യൂട്യൂബ് ചാനലിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് പങ്കുവെച്ചു.

2.08 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുതിയ ട്രെയ്‌ലര്‍. തീയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി നേടിയ സീനുകള്‍ പുതിയ ട്രെയ്‌ലറിലുണ്ട്. കഴിഞ്ഞദിവസം ഇതേ ട്രെയ്‌ലര്‍ തെലുങ്കില്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് ട്രെയ്‌ലര്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇതിന്റെ മലയാളം പുറത്തിറക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയിരുന്നു.

ഏപ്രില്‍ 25-നാണ് തുടരും പ്രദര്‍ശനത്തിനെത്തിയത്. മൂന്നുദിവസത്തിനുള്ളില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടി. ആറുദിവസംകൊണ്ട് ആഗോളതലത്തില്‍ 100 കോടി കളക്ഷനും പിന്നിട്ടു. കഴിഞ്ഞദിവസം കൊച്ചിയില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ വിജയാഘോഷം നടന്നിരുന്നു.

മോഹന്‍ലാലിന്റെ 360-ാം ചിത്രമാണ് 'തുടരും'. ശോഭനയാണ് നായിക. സംവിധായകന്‍ ഭാരതിരാജ, പ്രകാശ് വര്‍മ, മണിയന്‍പിള്ളരാജു, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, അമൃതവര്‍ഷിണി, ഇര്‍ഷാദ് അല, ആര്‍ഷ ബൈജു, സംഗീത് പ്രതാപ്, ഷോബി തിലകന്‍, ജി. സുരേഷ് കുമാര്‍, ശ്രീജിത് രവി, അര്‍ജുന്‍ അശോകന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2009-ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം 'സാഗര്‍ ഏരിയാസ് ജാക്കി'യില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ചിരുന്നെങ്കിലും ഇരുവരും 21 വര്‍ഷങ്ങള്‍ക്ക് ശേഷം ജോഡികളായി എത്തുന്നു എന്ന പ്രത്യേക ചിത്രത്തിനുണ്ടായരുന്നു. 2004-ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രം 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും ഒടുവില്‍ ജോഡികളായി അഭിനയിച്ചത്.