+

കൊള്ളപ്പലിശക്കാരുടെ നിരന്തര ഭീഷണിയെയും പീഡനവും : 33 വയസുകാരൻ ജീവനൊടുക്കി

കൊള്ളപ്പലിശക്കാരുടെ നിരന്തര ഭീഷണിയെയും പീഡനത്തെയും തുടർന്ന് 33 വയസ്സുകാരനായ ചെറുകിട വ്യാപാരി ആത്മഹത്യ ചെയ്തു. പുതുച്ചേരി സ്വദേശിയായ വിക്രം എന്നയാളാണ് ജീവനൊടുക്കിയത്.

പുതുച്ചേരി: കൊള്ളപ്പലിശക്കാരുടെ നിരന്തര ഭീഷണിയെയും പീഡനത്തെയും തുടർന്ന് 33 വയസ്സുകാരനായ ചെറുകിട വ്യാപാരി ആത്മഹത്യ ചെയ്തു. പുതുച്ചേരി സ്വദേശിയായ വിക്രം എന്നയാളാണ് ജീവനൊടുക്കിയത്. കുടുംബം പുലർത്തുന്നതിനായി ഒരു ചിക്കൻ കടയിലും ജോലി ചെയ്തിരുന്ന വിക്രമിന്, ഒരു അപകടത്തിൽ ശരീരം തളർന്നതിനെത്തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരികയായിരുന്നു. ഇതോടെ പലിശയ്ക്ക് പണം നൽകിയവരിൽ നിന്നുള്ള സമ്മർദ്ദം വർധിക്കുകയും, ഇത് ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

3.8 ലക്ഷം രൂപ വായ്പയെടുത്തതിന് 10 ശതമാനം പ്രതിമാസ പലിശ നിരക്കിൽ എല്ലാ മാസവും 38,000 രൂപ പലിശ ഇനത്തിൽ മാത്രം നൽകേണ്ടി വന്നതായി ഇയാൾ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.മരണപ്പെട്ട വിക്രം എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടുത്തിട്ടുണ്ട്. ഇതിൽ തന്നെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ച നിരവധി പണമിടപാടുകാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്. കുറിപ്പിൽ ഞെട്ടിക്കുന്ന പീഡന വിവരങ്ങളും ചൂഷണങ്ങളും വെളിപ്പെടുത്തുന്നുമുണ്ട്. കടം തീർക്കുന്നത് വരെ ഭാര്യയെയും മകളെയും വീട്ടിലേക്ക് അയക്കാൻ ഒരു പണമിടപാടുകാരൻ ആവശ്യപ്പെട്ടതായും കുറിപ്പിൽ പറയുന്നു. 30,000 രൂപ വായ്പയ്ക്ക് പ്രതിമാസം 6,000 രൂപ പലിശ ആവശ്യപ്പെട്ട മറ്റൊരു പണമിടപാടുകാരനെക്കുറിച്ചും വിക്രം പരാമർശിച്ചിട്ടുണ്ട്.

അപകടത്തെത്തുടർന്ന് വിക്രം കിടപ്പിലായതോടെ പീഡനം വർധിച്ചുവെന്നും, ഇത് അദ്ദേഹത്തെയും കുടുംബത്തെയും കടക്കെണിയിലേക്കും ഭയത്തിലേക്കും നിരാശയിലേക്കും തള്ളിവിട്ടുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. നടൻ വിജയ് അടുത്തിടെ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രാദേശിക പ്രവർത്തകനായിരുന്നു വിക്രം. തന്റെ ഭാര്യയെയും മകളെയും സംരക്ഷിക്കണമെന്ന് നടൻ വിജയനോട് ഹൃദയഭേദകമായ അഭ്യർത്ഥനയും ആത്മഹത്യാക്കുറിപ്പിൽ വിക്രം നടത്തിയിട്ടുണ്ട്.

ആരോപണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേരെടുത്തുപറഞ്ഞ പണമിടപാടുകാരുടെ വിവരങ്ങളും പ്രവർത്തനങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സംഭവത്തോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും അനധികൃത പണമിടപാട് ശൃംഖലകളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നുവരികയാണ്. ചെറുകിട സംരംഭകരെയും സാധാരണക്കാരായ കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് എല്ലാ നിയമങ്ങളും കാറ്റിൽപറത്തി ഇത്തരം വായ്പാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.

facebook twitter