'സണ്ണി ജോസഫ് തൻറെ നോമിനി അല്ല, അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല' ; തന്നെ മാറ്റിയത് സ്വാർത്ഥ താൽപ്പര്യമുള്ള ചില നേതാക്കളെന്ന് കെ സുധാകരൻ

09:45 AM May 15, 2025 |


കണ്ണൂർ : കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെമാറ്റിയതിൽ അമർഷവും അതൃപ്തിയും പരസ്യമാക്കി കെ സുധാകരൻ എം.പി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നിരാശയുണ്ടെന്ന് കെ സുധാകരൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മയുണ്ടെന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എഐസിസി നേതൃത്വത്തെ അറിയിച്ചു.

ഡൽഹിയിലെ യോഗത്തിൽ പോകുന്നതിൽ അർത്ഥമില്ലെന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നതെന്നും കെ സുധാകരൻ തുറന്നടിച്ചു. തന്നെ മാറ്റാൻ പാർട്ടിക്കുള്ളിൽ ശ്രമം നടന്നിരുന്നുവെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും കെ സുധാകരൻ തുറന്നടിച്ചു. എനിക്ക് കിട്ടുന്ന ചില വിവരങ്ങൾ അങ്ങനെയാണ്. എന്നാൽ അതൊരു വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ല. സ്വാർഥ താത്പര്യമുള്ള ചില നേതാക്കളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായ ചില ലക്ഷ്യങ്ങളുള്ളവരുടെ നീക്കമാണിത്. നിരാശ മറച്ചുവെക്കേണ്ട കാര്യമില്ലെന്നുംകെ സുധാകരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ ചുമതല തനിക്ക് ലഭിക്കുമെന്നാണ് സൂചനയെന്ന് കെ സുധാകരൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ പാർട്ടിയിൽ വലിയ പൊളിച്ചെഴുത്ത് നടത്തുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ മാറ്റിയതിൽ അണികൾക്കിടയിലും കടുത്ത അമർഷമുണ്ട്. ഡൽഹിയിലെ യോഗത്തിൽ പോകുന്നതിൽ അർഥമില്ലെന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നത്.പറയണ്ട കാര്യങ്ങൾ നേരത്തെ തന്നെ പ്രധാന നേതാക്കളെ അറിയിച്ചിരുന്നു. അദ്ദേഹം വ്യക്തമാക്കി.

വരാൻ പോകുന്ന തിരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും കെ സുധാകരൻ പറഞ്ഞു. ഹൈക്കമാൻഡ് എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരായ നീക്കത്തിന് പിന്നിലുള്ളവരെയൊന്നും കണ്ടെത്താൻ ശ്രമിച്ചിട്ടില്ലെന്നും കാരണം ശത്രുക്കളെയുണ്ടാക്കാൻ തനിക്ക് താത്പര്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു. അങ്ങനെ ശത്രുത വരേണ്ട ഒരു പാർട്ടിയല്ല കോൺഗ്രസ്. പരമാവധി ശത്രുതയൊഴിവാക്കി സ്‌നേഹത്തോടെ പോകേണ്ട സംഘടനയാണിത്. എങ്കിലെ കോൺഗ്രസിന് വിജയത്തിന് സാധ്യതയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.