കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്

02:29 PM May 12, 2025 |


തിരുവനന്തപുരം : കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎയും, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎൽഎ, എ.പി.അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പാർട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞു. പാർട്ടിയിൽ ഇപ്പോൾ ഗ്രൂപ്പ് കലാപങ്ങളില്ല. പ്രവർത്തകരുടെ ഐക്യമാണ് അതിനു കാരണം. യൂണിറ്റ് കമ്മിറ്റികൾ പൂർത്തിയാക്കാൻ കഴിയാത്തത് ദുഃഖമാണ്. പുതിയ ഭാരവാഹികൾക്ക് അതിനു കഴിയണം. സിപിഎമ്മിനെതിരെ പടകുതിരയായി താൻ മുന്നിലുണ്ടാകും. നേതൃത്വത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും സ്നേഹത്തിന് നന്ദിയുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.

കെ.സുധാകരൻ എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എഐസിസി സെക്രട്ടറിമാർ, മുൻ കെപിസിസി പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു.