ന്യൂഡൽഹി: നാമനിർദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ കേസുകളിലെ ശിക്ഷ വെളിപ്പെടുത്തിയില്ലെങ്കിൽ ജയിച്ച സ്ഥാനാർഥിയെ അയോഗ്യനാക്കാമെന്ന് സുപ്രീംകോടതി. മധ്യപ്രദേശിലെ ഭികാങ്കാവിലെ നഗർ പരിഷത്തിലെ മുനിസിപ്പൽ കൗൺസിലർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പൂനം സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ചെക്ക് കേസിൽ പൂനം ഒരു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മുമ്പ് ശിക്ഷയുള്ളത് സ്ഥാനാർഥി വെളിപ്പെടുത്തിയില്ലെങ്കിൽ വോട്ടറുടെ തെരഞ്ഞെടുപ്പ് അവകാശം സ്വതന്ത്രമായി വിനിയോഗിക്കുന്നതിന് തടസ്സമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് തെരഞ്ഞെടുപ്പിനെ അസാധുവാക്കുമെന്നും കോടതി പറഞ്ഞു.