ന്യൂഡൽഹി : ഓൺലൈൻ ഗെയിമിങ് നിയമത്തിനെതിരെയുള്ള പരാതികൾക്ക് സമഗ്രമായ മറുപടി ഫയൽ ചെയ്യാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. ഓൺലൈൻ മണി ഗെയിമിങ്ങിന് വിലക്കേർപ്പെടുത്തിയ 2025ലെ പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് നിയമം ചോദ്യം ചെയ്ത് ഗെയിമിങ് കമ്പനികൾ സമർപ്പിച്ച ഹരജികളിലാണ് കോടതി സർക്കാറിനോട് റിപ്പോർട്ട് തേടിയത്.
നിയമം വിജ്ഞാപനം ചെയ്യാനിരിക്കെ, ഒരു മാസത്തോളമായി തങ്ങളുടെ ബിസിനസ് നിലച്ചിരിക്കുകയാണെന്ന് കമ്പനികൾ ബോധിപ്പിച്ചു. ഹരജികൾ നവംബർ 26ന് വീണ്ടും പരിഗണിക്കും. ഡൽഹി, മധ്യപ്രദേശ്, കർണാടക ഹൈകോടതികളിൽ ഇതു സംബന്ധിച്ച് തീർപ്പാകാതെ കിടന്ന കേസുകൾ സെപ്റ്റംബറിൽ സുപ്രീംകോടതിയിലേക്ക് സ്വമേധയാ മാറ്റിയിരുന്നു.
കേന്ദ്ര നിയമത്തിൽ ഹൈകോടതികൾ ഒരേ നിഗമനത്തിൽ എത്തിയേക്കില്ലെന്നും അത് നിയമപരമായ അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യാ മന്ത്രാലയമാണ് വിവിധ കോടതികളിലുള്ള കേസുകൾ സുപ്രീംകോടതയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഇവയിൽ ഒന്നിച്ച് വാദം കേൾക്കുന്നതിലൂടെ ഏകീകൃത ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.