പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്‌ഗോപി പിന്തുടരുന്നത് ; ബിനോയ് വിശ്വം

07:43 AM Feb 03, 2025 | Suchithra Sivadas

ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് 'ഉന്നതകുലജാതര്‍' കൈകാര്യം ചെയ്യണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്‌ഗോപി പിന്തുടരുന്നതെന്നും ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യ ആശയത്തിനൊപ്പമാണെന്നും ആ ആശയത്തിന് ആദിവാസികളെ വെറുപ്പാണെന്നും അത് കൊണ്ടാണ് സുരേഷ് ഗോപിക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ നിന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയവരാണ് ബി ജെ പി. അയോധ്യ പ്രതിഷ്ഠ ചടങ്ങിലും രാഷ്ട്രപതി ഉണ്ടായിരുന്നില്ല. സുരേഷ് ഗോപിയുടെ വാക്കുകള്‍ യാദിര്‍ശ്ചികമല്ലെന്നും ബി ജെ പിയുടെ ചാതുര്‍ വര്‍ണ്യ ആശയത്തിന്റെ തുടര്‍ച്ചയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.