സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും

07:55 AM Aug 13, 2025 |


വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങളും തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കുമിടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. രാവിലെ 9.30 നാണ് തൃശ്ശൂരിലെത്തുക. ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. ന്യൂഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 2.30 ഓടെ തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി 5.15 ന് തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതിലാണ് തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും മൗനം തുടരുകയായിരുന്നു.

ഇന്നലെ രാത്രി സംഘടിപ്പിച്ച സിപിഐഎം ഓഫീസ് മാര്‍ച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കാണും. അതിനിടെ ഇന്ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു. വിഷയത്തില്‍ ഇന്ന് തൃശ്ശൂരില്‍ പ്രതികരിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.