മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ചാടിക്കയറിയ മുൻ സ്പീക്കറായ കോൺഗ്രസ് നേതാവ് നാന പടോലെയെ ഒരു ദിവസത്തേക്ക് സസ്പെൻഡ്ചെയ്തു. ചോദ്യോത്തര വേളക്ക് പിന്നാലെ ഇരച്ചുകയറിയ പടോലെ, കർഷകരെ അപമാനിച്ച ബി.ജെ.പി എം.എൽ.എയും കൃഷിമന്ത്രിയും മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും സ്പീക്കർ രാഹുൽ നർവേക്കറുമായി തർക്കിക്കുകയുമായിരുന്നു. അഞ്ചു മിനിറ്റ് നിർത്തിവെച്ച സഭ വീണ്ടും ചേർന്നപ്പോൾ പടോലെയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിമർശിച്ചു. കൂടുതൽ ക്ഷുഭിതനായ പടോലെ വീണ്ടും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ചെന്നു. ഇതോടെയാണ് നടപടിയെടുത്തത്.
പാർട്ടിയെയും സർക്കാറിനെയും വിമർശിക്കുന്നവർ അവരുടെ വസ്ത്രവും മൊബൈലും ഷൂസും സാമ്പത്തിക സഹായ പദ്ധതികളുമെല്ലാം കിട്ടുന്നത് തങ്ങൾ കാരണമാണെന്ന് മനസ്സിലാക്കണമെന്നായിരുന്നു ബി.ജെ.പി എം.എൽ.എ ബബൻ റാവു ലോണിക്കറുടെ വിവാദ പ്രസ്താവന. കാർഷിക ഇൻഷുറൻസ് വാങ്ങി കർഷകർ വിവാഹമാമാങ്കം നടത്തുകയാണെന്ന പ്രസ്താവനയാണ് കൃഷി മന്ത്രിയും അജിത് പവാർ പക്ഷ നേതാവുമായ മണിക്റാവു കോകടെ നടത്തിയത്.