+

കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: പ്രധാന പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുളള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തില്‍ പ്രവീണ്‍ നെട്ടാരു കൊല ചെയ്യപ്പെടുന്നത്.

2022-ല്‍ കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്‌മാന്‍ എന്‍ഐഎയുടെ പിടിയിലായത്. ഖത്തറില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഖത്തറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അബ്ദുല്‍ റഹ്‌മാനുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പിഎഫ്‌ഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിനല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അബ്ദുല്‍ റഹ്‌മാന്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ അബ്ദുല്‍ റഹ്‌മാനെയും ഒളിവിലുളള രണ്ട് പ്രതികള്‍ ഉള്‍പ്പെടെ നാല് പേരെയും എന്‍ഐഎ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 28 ആയി.

2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുളള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തില്‍ പ്രവീണ്‍ നെട്ടാരു കൊല ചെയ്യപ്പെടുന്നത്. ബെല്ലാരയ്ക്ക് സമീപം കോഴിക്കട ഉടമയായ പ്രവീണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.

facebook twitter