ന്യൂഡൽഹി : ഇന്ത്യയിൽ 13 ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത് മാസം തികയാതെയെന്ന് 2019-21ലെ ജനസംഖ്യ ആരോഗ്യ സർവേ റിപ്പോർട്ട്. 17 ശതമാനം കുഞ്ഞുങ്ങൾക്കും ജനന സമയത്ത് ഭാരം കുറവാണ്. മഴ, താപനില, വായു മലിനീകരണം തുടങ്ങിയ കാലാവസ്ഥ സാഹചര്യങ്ങൾക്ക് പ്രതികൂല ജനന ഫലങ്ങളുമായി വലിയ ബന്ധമുണ്ടെന്നും സർവേ പറയുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി, ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസ് മുംബൈ, യു.കെയിലെയും അയർലൻഡിലെയും സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്നാണ് കേന്ദ്ര സർക്കാറിന്റെ നാഷനൽ ഫാമിലി ഹെൽത്ത് സർവേ, റിമോട്ട് സെൻസിങ് ഡേറ്റ ഉപയോഗിച്ച് ഗർഭകാലത്ത് വായുമലിനീകരണത്തിന് വിധേയമാകുന്നത് പ്രസവ ഫലങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് വിശകലനം ചെയ്തത്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പി.എം 2.5 സൂക്ഷ്മ കണിക പദാർഥം ഉൾപ്പെടുന്ന വായു ശ്വസിക്കുന്നത് മാസം തികയാതെയുള്ള ജനനത്തിനും നവജാത ശിശുക്കളിൽ ഭാരക്കുറവിനും കാരണമാകുമെന്നും സർവേ പറയുന്നു. ഉത്തർപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പി.എം 2.5 സൂക്ഷ്മ കണിക പദാർഥം ഉൾപ്പെടുന്ന വായു കൂടുതൽ കാണപ്പെടുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ കണിക പൊതുവെ കുറവാണ്. പഞ്ചാബിലാണ് കൂടുതൽ ഭാരക്കുറവുള്ള ശിശുക്കൾ ജനിക്കുന്നത്. 22 ശതമാനം. ഡൽഹി, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളാണ് തൊട്ടുപിറകിൽ.