ഏറ്റവും കൂടതല്‍ അപകടം ഉണ്ടാക്കുന്നത് സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ ; നിരന്തരം അപകടം ഉണ്ടാക്കുന്നവരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്ന് കെ ബി ഗണേഷ് കുമാര്‍

08:37 AM Jan 01, 2025 | Suchithra Sivadas

സ്വിഫ്റ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഏറ്റവും കൂടതല്‍ അപകടം ഉണ്ടാകുന്നത് സ്വിഫ്റ്റ് ഡ്രൈവര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. നിരന്തരം അപകടം ഉണ്ടാക്കുന്നവരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മൈലേജ് കുറയുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഡീസല്‍ കത്തിച്ചാല്‍ പണി പോകും. അപകടകരമായി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല. അപകടം ഉണ്ടാക്കിയാല്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കും. മനുഷ്യ ജീവന്‍വെച്ച് കളിച്ചാല്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാരെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.