
ടോക്കിയോ: പുതുതായി അധികാരമേറ്റ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും വലതുപക്ഷക്കാരിയുമായ സനേ തകായിച്ചിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നിർണായക ധാതുക്കളുടെയും അപൂർവ ലോഹങ്ങളുടെയും വിതരണത്തിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. സൈനിക സഹകരണം ത്വരിതപ്പെടുത്താനും വ്യാപാരവുമായും നിർണായക ധാതുക്കളുമായും ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കാനുമുള്ള അവരുടെ താൽപര്യത്തെ ട്രംപ് സ്വാഗതം ചെയ്തു.
സ്മാർട്ട്ഫോണുകൾ മുതൽ യുദ്ധവിമാനങ്ങൾ വരെയുള്ള വിവിധ ഉൽപന്നങ്ങളുടെ നിർമാണത്തിന് അനിവാര്യമായ വസ്തുക്കളിൽ ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ രാജ്യങ്ങൾ ശ്രമിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളുമായി യു.എസ് മുന്നേറുന്നത്. നിർണായക ധാതുക്കളുടെയും അപൂർവ ഭൗമ ലോഹങ്ങളുടെയും ശേഷി കൈവരിക്കുന്നതിലും വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സന്ദർശനത്തിലുള്ള ഡോണൾഡ് ട്രംപ്, ജപ്പാനിലെ ടോക്കിയോയിലെ അകാസാക്ക കൊട്ടാരത്തിൽ നടന്ന ഉഭയകക്ഷി യോഗത്തിലാണ് തകായിച്ചിയുമായി കൂടിക്കാഴ്ച നടത്തുകയും ഒപ്പുവെക്കുകയും ചെയ്തത്.ഒരു ‘മികച്ച’ നേതാവെന്ന് പറഞ്ഞ് ട്രംപ് തകായിച്ചിയെ പ്രശംസിച്ചു. ‘ഇത് വളരെ ശക്തമായ ഒരു ഹസ്തദാനം’ ആണെന്നും അകാസാക്ക കൊട്ടാരത്തിൽ ഇരുവരും ഫോട്ടോകൾക്ക് പോസ് ചെയ്യവെ ട്രംപ് പറഞ്ഞു.