+

പൊതു ഗതാഗത വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ

പൊതു ഗതാഗത വാഹനങ്ങളിൽ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ പൊതുഗതാഗത വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (VLTD) നിർബന്ധമാക്കാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ തുടങ്ങി പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമാകും.

വാഹനങ്ങളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനമാണ് വിഎൽടിഡി. സംസ്ഥാന ഗതാഗത വകുപ്പിന്റെ കൺട്രോൾ റൂമുമായി ഇവ ബന്ധിപ്പിക്കും. ഇതുവഴി വാഹനങ്ങൾ എവിടെ, ഏത് സമയത്ത് എവിടേക്ക് സഞ്ചരിക്കുന്നു എന്നീ വിവരങ്ങൾ ഉടൻ തന്നെ കൃത്യമായി അറിയാൻ സാധിക്കും.

പുതുതായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനും രജിസ്‌ട്രേഷൻ പുതുക്കുന്നതിനും വിഎൽടിഡി ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് മാത്രമേ അനുമതി ലഭിക്കൂ. ഇതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ഉറപ്പു വരുത്താനാവുന്നവരുടെ ഉപകരണങ്ങളേ ഘടിപ്പിക്കൂ. ജിപിഎസ് സംവിധാനം ഇതിനകം ഘടിപ്പിച്ചിട്ടുള്ള ബസുകൾക്കും ലോറിയുകൾക്കും വിഎൽടിഡി വേണമെന്ന് സർക്കാരിന്റെ നിർദേശം വന്നതോടെ വാഹന ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അധിക ചെലവാണെന്നതാണ് അവരുടെ പ്രധാന വാദം. കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് ജിപിഎസ് മാത്രം മതിയെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും അപകടസാഹചര്യങ്ങളിൽ വേഗത്തിൽ സഹായം എത്തിക്കുന്നതിനും വിഎൽടിഡി അനിവാര്യമാണെന്ന് സംസ്ഥാന ഗതാഗതവകുപ്പ് വ്യക്തമാക്കുന്നു.

facebook twitter