ബസ് സ്റ്റാൻ്റിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയ കേസ് ; തമിഴ്‌നാട് ട്രാൻസ്പോർട് ബസ് ഡ്രൈവർ അറസ്റ്റിൽ

12:15 PM Nov 07, 2025 | Kavya Ramachandran

 
തിരുവനന്തപുരം : കുളച്ചൽ ബസ് സ്റ്റാൻഡിൽ രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ കുളച്ചൽ സ്വദേശി ജവഹർ (55) ആണ് അറസ്റ്റിലായത്. ജവഹറിന്റെ അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന്, എസ്‌പി സ്റ്റാലിന്റെ നിർദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 

കുളച്ചൽ കാമരാജ് ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീ. ഇവരുടെ സമീപത്തേക്ക് നടന്നുവന്ന പ്രതി ചുറ്റും നോക്കിയ ശേഷം ഉറങ്ങിക്കിടന്ന സ്ത്രീയെ ശല്യപ്പെടുത്തുകയായിരുന്നു. സിസിടിവിയിൽ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞു. ദ്യശ്യങ്ങൾ വൈറലായതോടെ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി. പ്രതി സംഭവ സമയത്ത് യൂണിഫോമിലായതിനാൽ അന്വേഷണം കൂടുതൽ എളുപ്പമായി. ബസ് ജീവനക്കാരാകാം പ്രതിയെന്ന് മനസിലാക്കിയ പൊലീസ് കുളച്ചലിലെ ബസ് ജീവനക്കാർക്കിടയിലാണ് പ്രതിയെ തിരഞ്ഞത്. ഈ അന്വേഷണത്തിന് ഒടുവിലാണ് കുളച്ചൽ മാർക്കറ്റ് റോഡ് പ്രദേശത്ത് താമസിക്കുന്ന ജവഹർ അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.