അമരാവതി: തന്‍റെ മണ്ഡലത്തിൽ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് സമ്മാന വാഗ്ദാനവുമായി ടിഡിപി എംപി കാളിസെട്ടി അപ്പള നായിഡു. മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകിയാൽ 50,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നൽകും. ആൺകുഞ്ഞാണെങ്കിൽ ഒരു പശുവിനെ സമ്മാനമായി നൽകുമെന്നും എംപി പ്രഖ്യാപിച്ചു. കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം എന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എംപിയുടെ വാഗ്ദാനം.
മൂന്നാമത്തെ പെൺകുട്ടി വിവാഹ പ്രായമാകുമ്പോഴേക്കും സ്ഥിര നിക്ഷേപ തുകയുടെ പലിശ സഹിതം ലക്ഷങ്ങൾ ലഭിക്കുമെന്നാണ് എംപി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെയും ആഹ്വാനത്തെ തുടർന്നാണ് തന്‍റെ പ്രഖ്യാപനമെന്ന് എംപി പറയുന്നു.
എത്ര കുട്ടികളുണ്ടെങ്കിലും പ്രസവ സമയത്ത് എല്ലാ വനിതാ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ പ്രഖ്യാപിച്ചിരുന്നു. വരും വർഷങ്ങളിൽ സംസ്ഥാനത്തെ യുവ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന് കഴിയുന്നത്ര കുട്ടികൾക്ക് ജന്മം നൽകണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.
ആന്ധ്രയിൽ വനിതാ പൊലീസ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നിലവിൽ ആറ് മാസത്തേക്ക് പ്രസവാവധി അനുവദിച്ചിട്ടുണ്ട്. എന്നാൽ രണ്ട് പ്രസവങ്ങൾക്ക് മാത്രമേ പൂർണ്ണ ശമ്പളത്തോടെ ലീവ് അനുവദിച്ചിരുന്നുള്ളൂ. ഇനി സ്ത്രീകൾക്ക് എത്ര കുട്ടികളുണ്ടെങ്കിലും എല്ലാവർക്കും പ്രസവാവധി അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രഖ്യാപിച്ചത്