അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതി ; ഏഴു വര്‍ഷത്തിന് ശേഷം പരാതി വ്യാജമെന്ന് യുവതി

08:41 AM Apr 17, 2025 | Suchithra Sivadas

അധ്യാപകന്‍ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വഴിത്തിരിവ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നല്‍കിയത് വ്യാജ പരാതിയാണെന്ന് വെളിപ്പെടുത്തി പരാതികാരി പീഡന പരാതി പിന്‍വലിച്ചു. കോട്ടയം കുറുപ്പന്തറയിലെ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന അധ്യാപകനെതിരെയായിരുന്നു എറണാകുളം സ്വദേശിനിയുടെ പരാതി.

2017 ലായിരുന്നു പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന അധ്യാപകനായ സി ഡി ജോമോനെതിരെ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നത്. തന്നെ പരിശീലനത്തിന് കൊണ്ടുപോകുന്നതിനിടയില്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്നായിരുന്നു അന്ന് യുവതി നല്‍കിയിരുന്ന പരാതി. പിന്നാലെ സ്ഥാപനം പൂട്ടി, ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം. ഇതിനിടിയല്‍ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ പല ജോലികളും ജോമോന്‍ ചെയ്തിരുന്നു. ആത്മഹത്യയെ പറ്റി പോലും താന്‍ ചിന്തിച്ചിരുന്നുവെന്നും ജോമോന്‍ വെളിപ്പെടുത്തി.

എന്നാല്‍ ജോമോന്റെ അവസ്ഥ മനസ്സിലാക്കിയ യുവതി കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും സമീപത്തെ പള്ളിയിലെ ശുശ്രൂഷയ്ക്കിടയില്‍ ജോമോനോടും കുടുംബത്തോടും പരസ്യമായി മാപ്പ് പറയുകയുമായിരുന്നു. ചിലരുടെ പ്രേരണയില്‍ താന്‍ പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിച്ചു. പിന്നാലെ കേസ് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട് നിന്ന് അവഗണനയ്ക്കും അപമാനത്തിനുമൊടുവില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ജോമോന്‍ അറിയിച്ചു.