ഡെറാഡൂൺ: അടഞ്ഞ ക്ലാസ് മുറിയിൽ പരീക്ഷ നടക്കുന്നതിനിടെ സർക്കാർ കോളേജിലെ 13 വിദ്യാർത്ഥികളോട് ലൈംഗികച്ചുവയോടെ പെരുമാറിയ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. ഡോ. അബ്ദുൾ അലീം അൻസാരി ബിഎസ്സി പ്രാക്ടിക്കൽ പരീക്ഷയുടെ വൈവ സമയത്ത് വിദ്യാർത്ഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന് ഒരു വിദ്യാർത്ഥിനി നൽകിയ പരാതിപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
അൻസാരി ഒരു വിദ്യാർത്ഥിനിയുടെ കൈപ്പത്തിയിൽ തന്റെ മൊബൈൽ നമ്പർ എഴുതി നൽകിയതായും, വീട്ടിലെത്തിയ ശേഷം രാത്രി തന്നെ വിളിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ ഉണ്ട്. ഒരു വിദ്യാർത്ഥിനി പരീക്ഷാമുറിയിൽനിന്ന് പുറത്തുവന്ന ശേഷം തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചപ്പോൾ, മറ്റു വിദ്യാർത്ഥിനികളും പ്രൊഫസറിൽനിന്ന് സമാനമായ ദുരനുഭവങ്ങൾ നേരിട്ടതായി വെളിപ്പെടുത്തി.
മാർക്ക് കുറയ്ക്കുമെന്ന് അൻസാരി ഭീഷണിപ്പെടുത്തിയതായും ആരോപിക്കപ്പെടുന്നു. വിഷയം വെളിച്ചത്തുവന്നപ്പോൾ, റൂർക്കിക്ക് സമീപമുള്ള ഭഗവാൻപൂരിലെ മറ്റൊരു കോളേജിലും പഠിപ്പിക്കുന്ന പ്രൊഫസർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പ്രതിഷേധിച്ചു. ഇതിനെ തുടർന്നാണ് പ്രിൻസിപ്പൽ പോലീസിനെ കോളേജിലേക്കു വിളിച്ചുവരുത്തുന്നത്.
ചോദ്യം ചെയ്യലിനിടെ, വിദ്യാർത്ഥിനികളെ സ്പർശിച്ച കാര്യം അൻസാരി സമ്മതിച്ചു. എന്നാൽ ഇതിനു പിന്നിൽ ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് അൻസാരി പറഞ്ഞു. ഇതിനിടെ, ബുധനാഴ്ചയും വ്യാഴാഴ്ചയും അൻസാരി നടത്തിയ രണ്ട് പ്രാക്ടിക്കൽ പരീക്ഷകൾ റദ്ദാക്കിയതായി കോളേജ് അധികൃതർ അറിയിച്ചു.