
റാന്നി: മകന്റെ പഠനത്തിന് പണം കണ്ടെത്താനാകാതെ അച്ഛൻ മനംനൊന്ത് ആത്മഹത്യചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ അധ്യാപികയായ അമ്മയുടെ ശമ്പളക്കുടിശ്ശിക ലഭിച്ചു. 12 വർഷത്തെ ശമ്പളക്കുടിശ്ശിക ഇനത്തിൽ 29 ലക്ഷം രൂപയാണ് നാറാണംമൂഴി സെയ്ന്റ് ജോസഫ് സ്കൂളിലെ അധ്യാപിക ലേഖാ രവീന്ദ്രന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്.
ശേഷിക്കുന്ന 23 ലക്ഷം പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അധ്യാപികയെ അറിയിച്ചു. ഒാഗസ്റ്റ് മൂന്നിനാണ് ലേഖയുടെ ഭർത്താവ് അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോ (47) ആത്മഹത്യചെയ്തത്. ഇദ്ദേഹത്തിന്റെ മരണശേഷം വിദ്യാഭ്യാസവകുപ്പിനെതിേര വ്യാപക പരാതിയും വിമർശനവുമുണ്ടായതോടെ അധികൃതർ ശമ്പളക്കുടുശ്ശിക അനുവദിക്കാനുള്ള നടപടി വേഗത്തിലാക്കുകയായിരുന്നു.
മകന്റെ എൻജിനിയറിങ് പ്രവേശനത്തിന് ആവശ്യമായ പണം കണ്ടെത്താൻ ഷിജോയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ഭാര്യ ലേഖയ്ക്ക് കിട്ടാനുള്ള കുടിശ്ശിക കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം. 2012-ൽ ലേഖ ജോലിയിൽ പ്രവേശിച്ചെങ്കിലും നിയമനം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. 2024 നവംബർ 26-ന് ഹൈക്കോടതി ഇറക്കിയ ഉത്തരവിലൂടെയാണ് ഇവർക്ക് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും വഴിയൊരുങ്ങിയത്. കോടതി ഉത്തരവിനെ തുടർന്ന് 2025 ജനവരി 17-ന് ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഒാഫീസർക്ക് സർക്കാർ നിർദേശം നൽകി. എന്നാൽ മന്ത്രി തലത്തിൽവരെ ഇടപെടലുണ്ടായിട്ടും അധ്യാപികയുടെ ശമ്പളക്കുടിശ്ശിക കിട്ടിയില്ല.
ഷിജോയുടെ മരണത്തെ തുടർന്ന് പ്രതിഷേധമുണ്ടായപ്പോൾ ശന്പളവിതരണത്തിൽ കാലതാമസം വരുത്തിയതിന് ജില്ലാ വിദ്യാഭ്യാസഒാഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡുചെയ്തിരുന്നു. പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജർക്ക് വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയെങ്കിലും നടന്നില്ല. നിർദേശം തടഞ്ഞുകൊണ്ട് പ്രഥമാധ്യാപിക ഹൈക്കോടതിയിൽനിന്ന് ഉത്തരവ് സമ്പാദിച്ചിരുന്നു.