ക്ലാസെടുക്കുന്നതിനിടെ രഹസ്യമായി മൊബൈല്‍ ഉപയോഗം, വാങ്ങിയാല്‍ പിന്നെ സൈ്വര്യം തരില്ല, ഇവരെ രക്ഷിതാക്കള്‍ക്ക് പേടിയാണെന്ന് അധ്യാപിക

02:21 PM Jan 22, 2025 | Raj C

കൊച്ചി: പാലക്കാട്ടെ വിദ്യാര്‍ത്ഥി മൊബൈല്‍ ഫോണിന്റെ പേരില്‍ പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുന്നതോടെ ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം തുടരുകയാണ്. ഇത്തരം വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്ക് പേടിയാണെന്നാണ് ഒരു ഹയര്‍സെക്കന്‍ഡറി അധ്യാപികയുടെ പ്രതികരണം. ക്ലാസില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുന്നവരുണ്ട്. വീട്ടിലെത്തിയാല്‍ മണിക്കൂറുകളോളം ഫോണിലാണെന്നും ഇവരെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അധ്യാപിക പറയുന്നു.

അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പാലക്കാട്ടെ ആ വിദ്യാര്‍ത്ഥിയുടെ പ്രകടന വീഡിയോ കണ്ടു.
ഞങ്ങള്‍ക്കിത് പുതിയ അനുഭവമല്ല.
പ്രത്യേകിച്ചും ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക്..
ആ വീഡിയോ കണ്ടതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, സ്‌കൂളില്‍ ഫോണ്‍ പിടിച്ചു വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ്..
പല സ്‌കൂളുകളിലും ദൂരെ നിന്നും മറ്റും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അതുപോലെ രക്ഷിതാക്കള്‍ക്ക് അത്യാവശ്യമായി എന്തെങ്കിലും കാര്യത്തിന് കുട്ടികളെ ഫോണിലൂടെ ബന്ധപ്പെടേണ്ട അവസരം വരുന്ന സാഹചര്യത്തിലും സ്‌കൂളില്‍ ഫോണ്‍ കൊണ്ടു വരാനുള്ള അനുമതി കൊടുക്കാറുണ്ട്.
പക്ഷേ കൊണ്ടു വരുന്ന ഫോണ്‍ ക്ലാസ്സ് സമയത്ത് സ്റ്റാഫ് റൂമില്‍ വെക്കുകയും സ്‌കൂള്‍ വിടുമ്പോള്‍ തിരിച്ചു കൊടുക്കുകയും ചെയ്യും.
പക്ഷേ ചില മിടുക്കന്മാരും മിടുക്കത്തികളും ഫോണ്‍ ഇങ്ങനെ ഏല്‍പ്പിക്കില്ല. പകരം അവര്‍ അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്ന സമയം ക്ലാസ്സില്‍ വെച്ച് ഫോണ്‍ ഉപയോഗിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ആ സമയങ്ങളില്‍ ലൈവ് പോസ്റ്റ് ഇടുകയും ചെയ്യും.
അതു മാത്രമല്ല മറ്റു വിദ്യാര്‍ത്ഥികളുടെ അനുമതിയില്ലാതെ അവരുടെ വീഡിയോ എടുക്കുന്നതായും പരാതികള്‍ വരാറും ഉണ്ട്.
ഇങ്ങനെ ക്ലാസ്സ് സമയത്ത് ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളുടെ ഫോണ്‍ ആണ് മിക്ക വിദ്യാലയങ്ങളിലും പിടിച്ചു വെക്കാറുള്ളത്.
മറ്റൊരു കാര്യം നമ്മുടെ കുട്ടികളില്‍ പലരും ഫോണ്‍ ഉപേയാഗിക്കാത്തത് സ്‌കൂള്‍ സമയം മാത്രമാണ്. പല വിദ്യാര്‍ത്ഥികളും വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് മണിക്കൂറുകളോളം ഫോണില്‍ തന്നെയാണ്. ഊണില്ല, ഉറക്കമില്ല, ഭക്ഷണമില്ല. പിറ്റേന്ന് സ്‌കൂളില്‍ എത്തിയാല്‍ ക്ഷീണം.. ഉറക്കം..
പല രക്ഷിതാക്കളും ഇത് വലിയ സങ്കടമായി ഞങ്ങളോട് പറയാറുണ്ട്.
പലരെയും രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ്. സ്വന്തം മക്കളെ പേടിയാണ് പല രക്ഷിതാക്കള്‍ക്കും..
നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അവര്‍ അടുത്ത നിമിഷത്തില്‍ എങ്ങനെ പെരുമാറും, എന്തു ചെയ്യും എന്ന പേടി..
ഈ ഫോണ്‍ പിടിച്ചു വെക്കുന്ന പരിപാടി ഞങ്ങള്‍ അധ്യാപകര്‍ക്കും തീരെ ഇഷ്ടമില്ലാത്ത ഒന്നാണ്.
പിടിച്ചു കഴിഞ്ഞാല്‍ പിന്നെ തൊല്ലയാണ്..
ഫോണ്‍ തിരിച്ചു കൊടുക്കുന്നത് വരെ പിന്നെ ഒരു സൈ്വര്യം ഇവര് തരില്ല..
പാലക്കാടന്‍ വീഡിയോയില്‍ കണ്ടതിന്റെ പല അവസ്ഥാന്തര ഭേദങ്ങളും കാണാന്‍ സാധിക്കും..
കരച്ചില്‍.. യാചന.. ഭീഷണി അങ്ങനെയങ്ങനെ...
അവസാനം വീട്ടില്‍ നിന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി ഇനി കൊടുത്തു വിടരുതെന്ന ഉറപ്പിന്മേല്‍ ഫോണ്‍ കൊടുത്തു വിടും..
അവിടെയും ഉണ്ട് രസകരമായൊരു കാര്യം.
സ്വന്തം മക്കളുടെ പഠന പുരോഗതി അറിയിക്കാന്‍ വേണ്ടി PTA മീറ്റിംഗിന് വിളിച്ചാല്‍ വരാത്ത രക്ഷിതാക്കള്‍ മക്കളുടെ ഫോണ്‍ പിടിക്കുന്ന ദിവസം വൈകുന്നേരം ആകുമ്പോഴേക്കും ഫോണ്‍ വാങ്ങാന്‍ സ്‌കൂളില്‍ എത്തിയിരിക്കും. കട്ടായം..
ഇല്ലേല്‍ പിന്നെ അവര്‍ക്ക് വീട്ടില്‍ ഇരിക്കാന്‍ പറ്റില്ല..
PTA മീറ്റിംഗിന് സ്‌കൂളില്‍ വന്നാല്‍ പിന്നെ അവര്‍ക്ക് വീട്ടില്‍ കേറാനും പറ്റില്ല..
മൊബൈല്‍ കുട്ടികളില്‍ ചിലര്‍ക്കെങ്കിലും ഒരു ലഹരി ആയി മാറിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍...
അത് പിടിച്ചു വാങ്ങുമ്പോള്‍ അവര്‍ പല തരത്തിലുള്ള withdrawal symptoms ഉം കാണിക്കും..