യുവ എന്‍ജിനിയറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിലുള്ള നിരന്തരമായ പീഡനം കാരണമാണ് ശില്‍പ്പ (27) ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. തെക്കന്‍ ബെംഗളൂരുവിലെ സുദ്ദഗുണ്ടെപാളയയിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടര വര്‍ഷം മുമ്പാണ് ശില്‍പ്പ പ്രവീണിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായിരുന്നു ശില്‍പ്പ. ഭര്‍ത്താവ് പ്രവീണ്‍ ഒറാക്കിളില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ജോലി ഉപേക്ഷിച്ച് ഫുഡ് ബിസിനസ് ആരംഭിച്ചു.
പ്രവീണിന്റെ കുടുംബം വിവാഹ സമയത്ത് 15 ലക്ഷം രൂപയും 150 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും വീട്ടുപകരണങ്ങളും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ശില്‍പ്പയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. ആവശ്യപ്പെട്ടത് നല്‍കിയെങ്കിലും വിവാഹ ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ട് ശില്‍പ്പയുടെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീധനത്തിന്റെ പേരിലുള്ള മാനസിക പീഡനവും കളിയാക്കലുമാണ് ശില്‍പ്പയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.
നിറത്തിന്റെ പേരിലും ശില്‍പ്പയെ ഭര്‍തൃകുടുംബം കളിയാക്കിയിരുന്നതായി കുടുംബം പരാതിയില്‍ പറയുന്നു- 'നിനക്ക് ഇരുണ്ട നിറമാണ്, എന്റെ മകന് യോജിച്ചതല്ല. അവനെ വിടൂ. ഞങ്ങള്‍ അവന് കൂടുതല്‍ നല്ലൊരു വധുവിനെ കണ്ടെത്തും' എന്ന് പ്രവീണിന്റെ അമ്മ പറഞ്ഞതായി പരാതിയിലുണ്ട്. പ്രവീണിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ആറ് മാസം മുമ്പ് അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നും അത് നല്‍കിയിരുന്നുവെന്നും ശില്‍പ്പയുടെ മാതാപിതാക്കള്‍ പറഞ്ഞു.
സുദ്ദഗുണ്ടെപാളയ പൊലീസ് സ്ത്രീധന പീഡനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തു. പ്രവീണിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.