ബെംഗളുരു: പ്രശസ്തമല്ലാത്ത ഒരു ടയര്‍-3 എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥി, തന്റെ കരിയറിന്റെ തുടക്കത്തിലെ വെല്ലുവിളികളെ അതിജീവിച്ച് 16 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ഒരു ജോലി നേടിയ കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
പേര് വെളിപ്പെടുത്താത്ത ഈ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, കോളേജില്‍ ഒരു ജോലി പോലും ക്യാമ്പസ് പ്ലേസ്മെന്റിലൂടെ നേടാന്‍ കഴിയാതെ നിരാശനായിരുന്നു. തന്റെ ഇന്റേണ്‍ഷിപ് പോലും ഒരു ഘട്ടത്തില്‍ റദ്ദാക്കപ്പെട്ടു, കൂടാതെ പലതവണ റിക്രൂട്ട്മെന്റ് പ്രക്രിയകളില്‍ നിന്നും നിരസിക്കപ്പെട്ടു. എന്നാല്‍, തിരിച്ചടികളില്‍ നിന്നും ഊര്‍ജ്ജം നേടിയാണ് വമ്പന്‍ ശമ്പളത്തില്‍ ജോലി സ്വന്തമാക്കിയത്.
നിരാശകള്‍ക്കിടയിലും, യുവാവ് തന്റെ സാങ്കേതിക നൈപുണ്യം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡാറ്റാ സ്ട്രക്ചറുകളും അല്‍ഗോരിതങ്ങളും മാസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ LeetCode, HackerRank, Codeforces എന്നിവയില്‍ നിരന്തരം പരിശീലിച്ചു. YouTube ട്യൂട്ടോറിയലുകളും, ഓണ്‍ലൈന്‍ കോഴ്സുകളും, ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടുകളും പഠനത്തിന്റെ ഭാഗമായി. കഠിനാധ്വാനം ഒരു വൈ കോമ്പിനേറ്റര്‍ ഫണ്ടഡ് സ്റ്റാര്‍ട്ടപ്പില്‍ 6 മാസത്തെ ഇന്റേണ്‍ഷിപ്പിന് അവസരം നേടിക്കൊടുത്തു.
ഇന്റേണ്‍ഷിപ്പിന്റെ ആറ് മാസത്തിനിടെ, തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുകയും ടീമിന് മൂല്യവത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്തതോടെ ജോലി ഉറപ്പിക്കുകയായിരുന്നു. 16 ലക്ഷം രൂപ വാര്‍ഷിക ശമ്പള പാക്കേജോടെ. ഒരു ടയര്‍-3 കോളേജില്‍ നിന്ന് വരുന്ന ഒരു വിദ്യാര്‍ത്ഥിക്ക്, പ്രത്യേകിച്ച് കാമ്പസ് പ്ലേസ്‌മെന്റ് ഇല്ലാതെ, ഒരു അസാധാരണ നേട്ടമാണ്.
വിദ്യാര്‍ത്ഥി തന്റെ യാത്ര പങ്കുവെച്ച പോസ്റ്റ് ആയിരക്കണക്കിന് ലൈക്കുകളും റീപോസ്റ്റുകളും നേടി. യുവാവിന്റെ നേട്ടം, പ്രശസ്തമല്ലാത്ത കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, തോല്‍വികളില്‍ തളരാതെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നു.