പുതിയ വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്ന തേജസ്വി യാദവിന്റെ ആരോപണം ; നിമിഷങ്ങള്‍ക്കകം വോട്ടര്‍പട്ടിക ചിത്രങ്ങള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

08:38 AM Aug 03, 2025 | Suchithra Sivadas

 ബിഹാറിലെ പുതിയ വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്ന പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ ആരോപണം കയ്യോടെ പൊളിച്ചുകൊടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണം ഉയര്‍ത്തി നിമിഷങ്ങള്‍ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേജസ്വിയുടെ വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവിട്ടു. ബൂത്ത് നമ്പര്‍ അടക്കമുള്ള വോട്ടര്‍ പട്ടികയിലെ ചിത്രമാണ് കമ്മീഷന്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് ബിഹാറിലെ പുതുക്കിയ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ വലിയ ഒരു പടയ്ക്ക് മുന്‍പാകെയായിരുന്നു തേജസ്വി ആരോപണം ഉന്നയിച്ചത്. വെബ്സൈറ്റില്‍ തന്റെ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയപ്പോള്‍ വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് കാണിച്ചത്. ഇവയെല്ലാം തേജസ്വി ഒരു വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ടായിരുന്നു. ശേഷം ഇനി താന്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന് ചോദിക്കുകയും ചെയ്തു.
ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയുമായി രംഗത്തെത്തി. തേജസ്വിയുടേത് മോശവും തെറ്റായതുമായ ആരോപണമെന്ന് പറഞ്ഞ കമ്മീഷന്‍ അദ്ദേഹത്തിന്റെ വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

Trending :