മലപ്പുറം ജില്ലയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് ടി പി അഷ്‌റഫലി. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഇവിടത്തുകാര്‍ ആരെങ്കിലും എതിര്‍പ്പ് പറഞ്ഞോയെന്നും എസ്എന്‍ഡിപി കോളേജുകള്‍ പെരിന്തല്‍മണ്ണയിലും വളാഞ്ചേരിയിലുമെല്ലാം ആരംഭിച്ചപ്പോള്‍ ആരെങ്കിലും എതിര്‍ത്തിരുന്നോവെന്നുമായിരുന്നു അഷ്‌റഫലിയുടെ ചോദ്യം. ഈഴവ സമുദായത്തിന് ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്ന വെള്ളാപ്പള്ളിയുടെ ഇന്നത്തെ വിശദീരണത്തിനായിരുന്നു ടി പി അഷ്‌റഫലിയുടെ മറുപടി. പിണറായിയുമായുള്ള ബന്ധം വെച്ച് സ്‌കൂളും കോളേജും എല്ലാം എയ്ഡഡ് ആക്കി തരാന്‍ പറയാനും വെള്ളാപ്പള്ളിയോട് ടിപി അഷ്‌റഫലി ആവശ്യപ്പെട്ടു.
ടി പി അഷ്‌റഫലിയുടെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട വെള്ളാപ്പള്ളി,
നിങ്ങള്‍ മലപ്പുറത്തിനെതിരെ പ്രസംഗിച്ച ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്ന് കഷ്ടി 5 കിലോമീറ്ററില്‍ താഴെയുള്ളൂ എന്റെ നാടായ എടക്കര കൗക്കാടുള്ള SN ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക്.
ഒരു പതിറ്റാണ്ടിലേറെയായി ഒട്ടും ഭൗതികസൗകര്യങ്ങളില്ലാതെ ഞങ്ങളെ നാട്ടിലെ പാവങ്ങളായ ശ്രീനാരായണീയര്‍ ഞെങ്ങി ഞ്ഞെരങ്ങി നടത്തുകയാണീ സ്ഥാപനം.
പ്രിയപ്പെട്ട വെള്ളാപ്പള്ളി, താങ്കള്‍ക്കീ സ്ഥാപനത്തിനെ കുറിച്ചറിയുമോ എന്നറിയില്ല.
മലപ്പുറത്തെ കുറിച്ച് പറഞ്ഞതില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാലാണ് താങ്കള്‍ അങ്ങിനെ പറഞ്ഞതെന്ന വിശദീരണവും ഇന്ന് കണ്ടപ്പോഴാണ് ഈ സ്‌കൂള്‍ ഓര്‍മ്മ വന്നത്. താങ്കള്‍ക്ക് ആതിഥേയത്വം നല്‍കിയ, സമ്മേളനം സംഘടിപ്പിച്ച SNDP നിലമ്പൂര്‍ യൂണിയനാണ് ഈ സ്ഥാപനം നടത്തുന്നത്.
ഇവിടെ ഒരു നല്ല കെട്ടിടം നിര്‍മ്മിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മലപ്പുറത്തെ ആരാണ് തടസ്സം? ലീഗ് എന്തായാലും ഒരു തടസ്സമല്ല. ചുങ്കത്തറയില്‍ തന്നെയുള്ള മാര്‍ത്തോമാ കോളേജിനും, ഹയര്‍ സെക്കന്ററി സ്‌കൂളിനും, ഓര്‍ത്തഡോക്‌സ് സഭയുടെ MPM സ്‌കൂളിനും, നിങ്ങള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ച 'മഞ്ചേരി ഭാസ്‌കരന്‍ പിള്ള' എന്ന ഞങ്ങളുടെ പിള്ള സാറിന്റെ ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറിയും, കോളേജും, ബിഎഡ് കോളേജും എല്ലാം വളരാന്‍ ഞങ്ങളാല്‍ കഴിയുന്ന എല്ലാ സഹായ സഹകരണങ്ങളും നല്‍കിയവരാണ് ഞങ്ങള്‍. SNDP ക്കും ആ പിന്തുണ കിട്ടും അതിന് ആദ്യം നിങ്ങള്‍ മുന്‍കൈ എടുക്കണം.
ചേര്‍ത്തലയിലും കൊല്ലത്തും മാത്രം സ്ഥാപനങ്ങള്‍ വികസിപ്പിക്കാതെ താങ്കളുടെ പ്രസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റില്‍ ഈ മലപ്പുറത്തെ സ്ഥാപനത്തിനും ഫണ്ട് അനുവദിക്കൂ. ഇവിടുത്തെ SNDP സ്ഥാപനങ്ങളും വളരട്ടെ. ഞങ്ങളുടെ നാട്ടിലായതിനാല്‍ എല്ലാ സഹകരണങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകും.
മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഇവിടുത്തുകാര്‍ ആരെങ്കിലും എതിര്‍പ്പ് പറഞ്ഞിട്ടാണോ താങ്കള്‍ ആരംഭിക്കാത്തത്? SNDP കോളേജുകള്‍ പെരിന്തല്‍മണ്ണയിലും വളാഞ്ചേരിയിലുമെല്ലാം ആരംഭിച്ചപ്പോള്‍ ആരെങ്കിലും എതിര്‍ത്തിരുന്നോ?
മേല്‍ പറഞ്ഞ സ്ഥാപനങ്ങള്‍ എല്ലാം അണ്‍ എയിഡഡ് ആണല്ലോ. എടക്കര SN സ്‌കൂളിന് CBSE അംഗീകാരവുമില്ല.
താങ്കള്‍ക്ക് പിണറായിയുമായുള്ള ആഴബന്ധം വെച്ച് സ്‌കൂളും കോളേജും എല്ലാം എയിഡഡ് ആക്കി തരാന്‍ പറയൂ.
ഏപ്രില്‍ 11 ന് താങ്കളെ ആദരിക്കാന്‍ ചേര്‍ത്തലയിലെ വലിയ മൈതാനത്തേക്ക് കേരള മുഖ്യമന്ത്രി വരുന്നുണ്ടല്ലോ.
മലപ്പുറത്തുള്ള SNDP സ്ഥാപനങ്ങള്‍ എയിഡഡ് ആയി പിണറായി പ്രഖ്യാപിക്കട്ടെ . കഴിഞ്ഞ 9 വര്‍ഷമായി പിണറായി ആണല്ലോ കേരള മുഖ്യമന്ത്രി. CPM ആണല്ലോ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് . അദ്ദേഹത്തിന്റെ സര്‍ക്കാറല്ലേ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടതും പുതിയത് നല്‍കേണ്ടതും. അങ്ങിനെ മലപ്പുറത്തെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്ത് ഒരു തളര്‍ച്ചയുണ്ടെന്ന് താങ്കള്‍ക്ക് വാദമുണ്ടെങ്കില്‍ ഒരു കുതിപ്പുണ്ടാക്കാന്‍ താങ്കള്‍ക്ക് തന്നെ കഴിയട്ടെ. കൂട്ടത്തില്‍ അംഗീകാരമില്ലാത്ത SN സ്‌കൂളിന് ഒരു CBSE അംഗീകാരം നല്‍കാന്‍ കേന്ദ്രത്തോടും പറയണം. തുഷാര്‍ വെള്ളാപ്പള്ളി എന്ന അങ്ങയുടെ മകന്‍ NDA കണ്‍വീനറായതിനാല്‍ വേഗം ശരിയാക്കാമല്ലോ. അദ്ദേഹത്തിന് വയനാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ മത്സരിച്ചതിനാല്‍ ഈ ഭാഗമെല്ലാം നന്നായി അറിയാനും മതി.
ചുരുക്കത്തില്‍ കേന്ദ്രത്തിലെയും കേരളത്തിലെയും പത്തായത്തില്‍ ഒരേസമയം നെല്ല് സംഭരണമുള്ള താങ്കള്‍ക്ക് രണ്ടും സാധ്യമാക്കാന്‍ കഴിയുമല്ലോ.
മലപ്പുറത്ത് SNDP ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലന്നുള്ള താങ്കളുടെ ആ പരാതിക്ക് പരിഹാരമാവാന്‍ താങ്കളുടെ ഈ മലപ്പുറം വിരുദ്ധ, വംശീയ പരാമര്‍ശം ഉപകാരപ്പെടട്ടെ. അതുവഴി ഇവിടുത്തെ ഞങ്ങളുടെ സഹോദരന്‍മാരായ SNDP അംഗങ്ങള്‍ക്കും മറ്റു സമുദായത്തിലെ കുട്ടികള്‍ക്കുമെല്ലാം പഠിക്കാന്‍ അവസരങ്ങളും സ്ഥാപനങ്ങളും ഉണ്ടാവട്ടെ.
എല്ലാവിധ പിന്തുണകളും ആശംസകളും.