കാവേരിയുടെ വരദാനമാണ് തഞ്ചാവൂര്‍.തഞ്ചാവൂരിലാണ് ദക്ഷിണമേരു എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തമിഴന്മാര്‍ പെരിയ കോവില്‍ എന്ന് വിളിക്കുന്ന ഈ മഹാ നിര്‍മ്മിതി കാലത്തെ അതിജീവിച്ച് ഒരു അത്ഭുതമായി നിലനില്‍ക്കുന്നു .രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്. 1400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്.2 വ൪ഷം കൊണ്ടാണിതിന്റെ പണി തീർന്നത്. എഡി 1003-ല്‍ നിമ്മാണം തുടങ്ങിയ ബൃഹദീശ്വര ക്ഷേത്രത്തില്‍ ശിവനെ ലിംഗരൂപത്തില്‍ ആരാധിക്കുന്നു. ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്.രാജരാജചോളന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നത്.
രാജരാജേശ്വരം ഉടയാര്‍ എന്നാണ് ക്ഷേത്രത്തിലെ മൂര്‍ത്തിക്ക് രാജരാജ ചോളന്‍ പേരു നല്‍കിയത് എന്ന് ചരിത്രം പറയുന്നു. കൊത്തുപണികള്‍ കൊണ്ടും നിര്‍മ്മിതിയുടെ ഗാംഭീര്യം കൊണ്ടും തച്ചന്മാര്‍ തീര്‍ത്ത മായാജാലമാണ് ഈ ക്ഷേത്രം എന്ന് നിസ്സംശയം പറയാം.
കട്ടിയേറിയ ഗ്രാനൈറ്റ് കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്.പ്രധാന മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ച് രണ്ട് ഗോപുരങ്ങള്‍ കടന്നുവേണം ക്ഷേത്രാങ്കണത്തിലെത്താന്‍. ഇതില്‍ ആദ്യത്തേത് വലുതാണെങ്കിലും ദ്വാരപാലകന്മാരുടെ ശില്‍പ്പങ്ങളും മനോഹരമായ അലങ്കാരങ്ങളുമുള്ള രണ്ടാമത്തെ ഗോപുരമാണ് കൂടുതല്‍ മനോഹരം. ഇതില്‍ ശിവപാര്‍വ്വതീ കല്ല്യാണം, ശിവന്‍ മാര്‍ക്കണ്ഡേയനെ രക്ഷിക്കുന്ന രംഗം, അര്‍ജ്ജുനന്‍ പാശുപതാസ്ത്രം നേടുന്ന രംഗം എന്നിവയെല്ലാം കൊത്തിവെച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്തതാണ് ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയില്‍ പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത ഏക ക്ഷേത്രം കൂടിയാണിത്. പൂര്‍ണ്ണമായുള്ള നിര്‍മ്മാണത്തിന് ഏകദേശം 1.3 ലക്ഷം ടണ്‍ കരിങ്കല്ല് വേണ്ടി വന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
81 ടണ്‍ ഭാര മുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ ഉച്ച സമയത്ത് നിലത്ത് വീഴില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല.
ഗോപുരകവാടങ്ങൾ പിന്നിട്ട് മുന്നോട്ടു നടന്ന് എത്തുക കൂറ്റൻ നന്ദിപ്രതിമ സ്ഥാപിച്ച മണ്ഡപത്തിലേക്കാണ്. ഏകദേശം 25 ടൺ ഭാരമുളള ഒറ്റക്കൽ പ്രതിമ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ചതുരാകൃതിയിലുള്ള ക്ഷേത്രസമുച്ചയത്തിന് 106 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമാണുള്ളത്. പ്രധാനമായി മഹാമണ്ഡപവും ഗര്‍ഭഗൃഹവുമടങ്ങുന്നതാണ് ക്ഷേത്രത്തിന്റെ ഘടന. തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലെ ഗോപുരങ്ങളിലെപ്പോലെ ഇവിടെയുള്ള മണ്ഡപങ്ങളിലും ദ്വാരപാലകരുടെ വലിയ ശില്‍പ്പങ്ങള്‍ കാണാം.
സമാനമായ ഒരു വിമാനഗോപുരവും ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രത്തിലുണ്ട്. എന്നാല്‍ അതിന്റെ വലുപ്പം 54.86 മീറ്റര്‍ മാത്രമേയുള്ളൂ. 9 തട്ടുകളായുള്ള ഈ ഗോപുരത്തിനു മുകളില്‍ ശിഖരവും താമരമൊട്ടിന്റെ രൂപമടങ്ങിയ, സ്വര്‍ണ്ണം പൂശിയ സ്തൂപവുമുണ്ട്.
ശ്രീകോവിലിന് അരികിലെ ചുമരുകളിൽ ചോളരാജകാല ചുവർചിത്രങ്ങൾ കാണാം. ക്ഷേത്രവളപ്പിന് ചുറ്റുമായി ദീർഘമായ ഇടനാഴികളുള്ള കെട്ടിടമുണ്ട്. അതിൽ 108 ശിവലിംഗങ്ങൾ നിരയായി കാണാം. ഇതിന് നിരവധി കൊത്തുപണികൾ ഉളള തൂണുകളുണ്ട്.
ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാനക്ഷേത്രത്തിന് വടക്ക് ചണ്ഡികേശ്വരന്റെ പ്രതിഷ്ഠയാണ്. പെരിയനായകി അമ്മാൾ ക്ഷേത്രവും അടുത്തുണ്ട്. ഗണപതി, മുരുകൻ, സൂര്യൻ, ചന്ദ്രൻ, അഷ്ടദിക്പാലകർ, അഗ്നി, ഇന്ദ്രൻ, വായു, യമൻ, കുബേരൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
ബൃഹദേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് തന്നെ പുണ്യമാണെന്ന് പറയപ്പെടുന്നു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മുതൽ മുതൽ 8.30 വരെ യും ആണ് ദർശന സമയം. ഏപ്രിൽ മേയ് മാസങ്ങളിലായി 18 ദിവസം നീണ്ടുനിൽക്കുന്ന ചിത്തിരൈ ബ്രഹ്മോത്സവമാണ് ഇവിടത്തെ പ്രധാന ഉത്സവം. ശിവരാത്രി, നവരാത്രി, പഞ്ചമി, പ്രദോഷം, അഷ്ടമി, പൗർണമിയും എല്ലാം ഇവിടെ വിശേഷ ദിവസങ്ങളാണ്.
ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളിൽ ഉള്‍പ്പെടുന്നതാണ് തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം കാലത്തെ അതിജീവിച്ച് ഒരു അത്ഭുതമായി നില കൊള്ളുന്നു