തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നിത്യോപയോഗമില്ലാത്ത സ്വര്‍ണം ബാങ്കിന്റെ നിക്ഷേപപദ്ധതിയിലേക്ക് മാറ്റുന്നു .നിലവിളക്കുകളും ഓട്, ചെമ്പുപാത്രങ്ങളും ലേലംചെയ്ത് വില്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്കെടുപ്പ് തുടങ്ങി.
പാത്രങ്ങളും വിളക്കുകളും ഉപയോഗമില്ലാതെ നശിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ടണ്‍കണക്കിന് വിളക്കുകളും പാത്രങ്ങളും ബോര്‍ഡിനുകീഴിലുള്ള 1250 ക്ഷേത്രങ്ങളിലായുണ്ട്.
ഇവ ലേലംചെയ്യാന്‍ ഹൈക്കോടതി മുന്‍ബോര്‍ഡുകളുടെ കാലത്തുതന്നെ അനുമതിനല്‍കിയിരുന്നു. ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടക്കുന്നുണ്ട്. രണ്ടുമാസത്തിനകം ലേലവും വില്‍പ്പനയും പൂര്‍ത്തിയാക്കാനാണ് ശ്രമം.ഓട്, ചെമ്പ്, പിത്തള തുടങ്ങിയവ തരംതിരിച്ച് വിലനിശ്ചയിക്കും. വിലനിര്‍ണയിച്ച് വിവിധഭാഷകളിലെ പത്രങ്ങളില്‍ ലേലനടപടികള്‍ പരസ്യപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിത്യപൂജകള്‍ക്കോ ഉത്സവം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കോ ഉപയോഗിക്കാത്ത 520 കിലോ സ്വര്‍ണമാണ് എസ്ബിഐയിലേക്ക് മാറ്റുന്നത്. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കമ്പനി പ്രതിനിധികള്‍, ലോക്കല്‍ഫണ്ട് ഓഡിറ്റ് വിഭാഗം, ദേവസ്വം കമ്മിഷണര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരിശോധന നടന്നു.