+

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിനെ ചൊല്ലി ജമ്മുകശ്മീരിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം

അതിര്‍ത്തിക്കപ്പുറത്തുളള ചിലരെ പ്രീണിപ്പിക്കാനാണ് മെഹബൂബയുടെ ശ്രമമെന്നും ഒമര്‍ അബ്ദുളള കുറ്റപ്പെടുത്തി.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിനെ ചൊല്ലി ജമ്മുകശ്മീരിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നു. ജീവജലം ആയുധമാക്കുന്നത് ശരിയല്ലെന്ന പിഡിപി നിലപാട് തള്ളി മുഖ്യമന്ത്രി ഒമര്‍അബ്ദുള്ള രംഗത്തെത്തി. കരാര്‍ ജമ്മുകശ്മീര്‍ ജനതയുടെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് ഒമര്‍ അബ്ദുള്ള തിരിച്ചടിച്ചു.

പഹഗല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ മുന്‍നിര്‍ത്തി ഇന്ത്യ ആരംഭിച്ച ജലയുദ്ധത്തില്‍ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയിലെ ഭിന്നിപ്പ് പരസ്യമായി. കരാര്‍ മരവിപ്പിച്ചതോടെ തുള്‍ബുള്‍ തടയണപദ്ധതി പുനര്‍ജ്ജീവിപ്പിക്കാനുള്ള മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നീക്കമാണ് പ്രതിപക്ഷമായ പിഡിപിയെ ചൊടിപ്പിച്ചത്. നദീ ജല കരാര്‍ മരവിപ്പിച്ചത് നിര്‍ഭാഗ്യകരമെന്നാണ് പിഡിപിയുടെ ഔദ്യോഗിക നിലപാട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഇരുരാജ്യങ്ങളും സമാധാന പാതയിലേക്കും മടങ്ങുന്നതിനിടെ തുള്‍ബുള്‍ തടയണ പദ്ധതി പുനരാരംഭിക്കാനുള്ള നീക്കം പ്രകോപനം സൃഷ്ടിക്കുമെന്ന് മെഹബൂബ മുഫ്ത്തി ആരോപിച്ചു. കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരും പ്രകോപനങ്ങളില്‍ നിന്ന് ഒമര്‍ അബ്ദുള്ളയും പിന്‍മാറണമെന്നും മെഹബൂബ മുഫ്ത്തി ആവശ്യപ്പെട്ടു.

പിഡിപി നിലപാടിനെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അതിര്‍ത്തിക്കപ്പുറത്തുളള ചിലരെ പ്രീണിപ്പിക്കാനാണ് മെഹബൂബയുടെ ശ്രമമെന്നും ഒമര്‍ അബ്ദുളള കുറ്റപ്പെടുത്തി.

facebook twitter